തിരുവനന്തപുരം: മാന്യമായി രാഷ്ട്രീയ പ്രവർത്തനം നടത്തുന്നവർക്കെതിരെ കോൺഗ്രസ് നേതാക്കൾ തുടരുന്ന വ്യക്തിഹത്യ അവസാനിപ്പിക്കണമെന്ന് സിപിഎം. എല്ലാ പരിധിയും ലംഘിച്ചുകൊണ്ട് നേതാക്കൾ നടത്തുന്ന പ്രസ്താവനകൾ കോൺഗ്രസിന്റെ അധഃപതനത്തിന്റെ തെളിവാണ്. ഒടുവിലത്തെ ഉദാഹരണമാണ് കെപിസിസി വർക്കിങ്ങ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് മുഖ്യമന്ത്രിയുടെ കുടുംബത്തിനു നേരെ നടത്തിയ പ്രതികരണം.എംപി കൂടിയായ കൊടിക്കുന്നിൽ നടത്തിയ വ്യക്ത്യാധിക്ഷേപത്തെ സോണിയാഗാന്ധിയും കെപിസിസി നേതൃത്വവും പിന്തുണയ്ക്കുന്നുണ്ടോഎന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ ചോദിച്ചു.
നയതന്ത്ര സ്വർണ്ണക്കടത്ത് കേസിലടക്കം അനാവശ്യമായി മുഖ്യമന്ത്രിയേയും അദ്ദേഹത്തിന്റെ ഓഫീസിനേയും കുടുംബത്തേയും വലിച്ചിഴച്ചു. എന്നാൽ, അതൊന്നും വിലപ്പോയില്ല. മുഖ്യമന്ത്രി പത്രസമ്മേളനം നടത്തുന്നില്ലെന്ന് പറഞ്ഞും ആരോപണങ്ങളുന്നയിച്ചു. നിയമസഭാ സമ്മേളനവും ഓണക്കാലവുമായതിനാലാണ് പത്രസമ്മേളനം നടത്താത്തതെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയതാണ്. മുഖ്യമന്ത്രിയെ ഒറ്റ തിരിഞ്ഞ് ആക്രമിക്കുന്നതിലൂടെ കോൺഗ്രസിന്റെ രാഷ്ട്രീയമായ അധഃപതനം കൂടിയാണ് വ്യക്തമാകുന്നത്.
കോൺഗ്രസിനകത്തുള്ള പ്രശ്നങ്ങൾ മറച്ചുവയ്ക്കാനാണ് മുഖ്യമന്ത്രിക്ക് നേരെ ആക്ഷേപങ്ങൾ ചൊരിയുന്നതെങ്കിൽ അതൊന്നും ഫലിക്കാൻ പോകുന്നില്ല. കോൺഗ്രസിൽ എന്താണ് നടക്കുന്നതെന്ന് ജനം നേരിട്ട് കണ്ടുകൊണ്ടിരിക്കുകയാണ്. അത് ആർക്കും മൂടി വയ്ക്കാനാവില്ല. നേതാക്കൾക്കെതിരെ നീചമായ രീതിയിലുള്ള അധിക്ഷേപങ്ങൾ കോൺഗ്രസ് നേതാക്കൾ നടത്തുമ്പോൾ അതേനാണയത്തിൽ തിരിച്ചടിക്കാൻ കെൽപ്പുള്ള പാർടി തന്നെയാണ് സിപിഐഎം എന്നത് മറക്കരുത്. പക്ഷെ, ഞങ്ങളുടെ രീതി അതല്ല. ജനങ്ങൾ എല്ലാം കാണുകയും കേൾക്കുകയും ചെയ്യുന്നുണ്ട് എന്ന ബോധം എല്ലാവർക്കും ഉണ്ടാവണമെന്നും സിപിഎം പ്രസ്താവനയിൽ പറഞ്ഞു.