തിരുവനന്തപുരം> സുനില്‍ പി ഇളയിടത്തിനെതിരായ ഭീഷണിയില്‍ ശക്തമായ പ്രതിഷേധവുമായി പുരോഗമന സാഹിത്യ സംഘം.ഭൂരിപക്ഷ മതഭീകരതയും ന്യൂനപക്ഷ മതഭീകരതയും പരസ്പരം ആശ്രയിച്ചു കൊണ്ടാണ് നില്‍ക്കുന്നതെന്ന് സുനിലിനെതിരായ സംഘടിതമായ ആക്രമണങ്ങള്‍ വ്യക്തമാക്കുന്നുവെന്നും പു ക സ വ്യക്തമാക്കി.
മലയാളിയുടെ ധൈഷണിക ജീവിതത്തിന്റെ ഇന്നത്തെ മുഖമാണ് എഴുത്തുകാരനും പ്രഭാഷകനുമായ സുനില്‍ പി.ഇളയിടം. ഏറെ കാലമായി അദ്ദേഹം ആര്‍എസ്എസ്. ഉള്‍പ്പടെയുള്ള ഭൂരിപക്ഷ മതവര്‍ഗ്ഗീയ ഭീകരസംഘടനകളില്‍ നിന്നും അവരുടെ സൈദ്ധാന്തിക പ്രവര്‍ത്തകരില്‍ നിന്നും ആക്രമണം നേരിട്ടു കൊണ്ടിരിക്കയാണ്. ഇന്ത്യന്‍ ഇതിഹാസ കൃതികളെപ്പറ്റിയുള്ള അദ്ദേഹത്തിന്റെ നിരീക്ഷണങ്ങളും പഠനങ്ങളും പുറത്തുവന്നു തുടങ്ങിയതോടെ ആയുധം നഷ്ടപ്പെട്ട കേരളത്തിലെ ഗോഡ്സേയിസ്റ്റ് പരിവാര്‍ സുനിലിനെതിരെ സംഘടിച്ച് ആക്ഷേപങ്ങള്‍ ഉന്നയിക്കാന്‍ തുടങ്ങിയിരുന്നു. അത് ഫലിക്കാതെ വന്ന ഒരു ഘട്ടത്തില്‍ അക്കൂട്ടര്‍ അദ്ദേഹത്തെ കായികമായി ആക്രമിക്കാന്‍ തന്നെ തുനിഞ്ഞു.
കാലടി ശ്രീശങ്കര യൂണിവേഴ്സിറ്റിയിലെ അദ്ദേഹത്തിന്റെ ഓഫീസ് മുറിയില്‍ അതിക്രമിച്ചു കടന്ന് നാശനഷ്ടങ്ങള്‍ വരുത്തി. ഇപ്പോഴാകട്ടെ അഫ്ഗാനിസ്ഥാനിലെ താലിബാന് അധിനിവേശത്തെ വിമര്‍ശിക്കുന്ന ഒരു ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്തതിന്റെ പേരില്‍ അദ്ദേഹം കേരളത്തിലെ ന്യൂനപക്ഷ മതഭീകരരില്‍ നിന്നും ഭീഷണി നേരിടുകയാണ്. ‘താലിബാനെ വിമര്‍ശിക്കുന്നവര്‍ യുപി യില്‍ പോയി ജീവിക്കണം’ എന്ന മട്ടിലുള്ള നിര്‍ദ്ദേശങ്ങള്‍ അദ്ദേഹത്തിനു ലഭിച്ചു കഴിഞ്ഞു.
പല തലങ്ങളിലുള്ള ഒരു യുദ്ധമുന്നണിയാണ് അദ്ദേഹത്തിനെതിരെ രൂപപ്പെട്ടിരിക്കുന്നത്. തെറിയും കൊലവിളിയും നടത്താന്‍ സമൂഹമാധ്യമപ്പോരാളികള്‍! അവരുടെ വ്യാഖ്യാതാക്കളായി ബുദ്ധിജീവിതങ്ങള്‍. ജനാധിപത്യത്തിനും മതേതരത്വത്തിനും ഒപ്പം നില്ക്കുന്ന ചിന്തകരേയും എഴുത്തുകാരേയും കലാകാരന്മാരേയുമാണ് എല്ലാ വിഭാഗം മതരാഷ്ട്രീയ സംഘങ്ങളും ലക്ഷ്യമിടുന്നത്. ജനങ്ങളെ വിഭജിച്ച് തമ്മിലടിപ്പിച്ച് കൈവശം വെക്കാനുള്ള തങ്ങളുടെ ശ്രമങ്ങള്‍ക്ക് മനുഷ്യന്റെ ചിന്തയും എഴുത്തും സംഗീതവും തടസ്സമാണെന്ന് അവര്‍ കരുതുന്നു.
സുനിലിന്റെ ഒപ്പം സാംസ്കാരിക കേരളം ഒന്നിച്ചു നില്‍ക്കുമെന്ന് ഞങ്ങള്‍ പ്രത്യാശിക്കുന്നു.സുനില്‍ പി ഇളയിടത്തിനെതിരായ ഭീഷണിയെ പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി ശക്തമായി അപലപിക്കുന്നു. വിവിധ വിഭാഗം മതഭീകര സംഘങ്ങളും യോജിച്ച് എഴുത്തുകാര്‍ക്കെതിരെ ആക്രമണങ്ങള്‍ക്ക് തുനിയുന്നു എന്നത് അത്യന്തം അപകടകരമാണ്. ഈ നീക്കത്തെ തടയാന്‍ മാനവീകതയിലും ജനാധിപത്യത്തിലും വിശ്വസിക്കുന്ന മുഴുവന്‍ പേരും മുന്നോട്ടു വരണമെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്നും പുകസ വ്യക്തമാക്കി