പത്തനംതിട്ട > ഡിസിസി അധ്യക്ഷന്മാരെ തീരുമാനിച്ചതിന് പിന്നാലെ പത്തനംതിട്ട ഡിസിസി ഓഫിസില്‍ കരിങ്കൊടി. പി.ജെ.കുര്യനും ആന്റോ ആന്റണി എം.പിക്കുമെതിരെ പ്രതിഷേധ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു.പുതിയ ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പില്‍ സജീവ പ്രവര്‍ത്തകനല്ലെന്നും തിരുവല്ലയിലെ യു ഡി എഫ് സ്ഥാനാര്‍ഥിയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചുവെന്നും പോസ്റ്ററില്‍ ആരോപണം ഉയരുന്നു.
പത്തനംതിട്ട ഒറ്റികൊടുത്ത യൂദാസോ ആന്റണി’, ‘കോട്ടയംകാരന് ആന്റ്റോ പത്തനംതിട്ടയുടെ അന്തകന്‍ സേവ് ഡി സി സി’ തുടങ്ങിയ വാചകങ്ങളോടെ ആന്റോ ആന്റണി എം.പിക്കെതിരെയും പോസ്റ്റര്‍ പ്രതിഷേധം ശക്തമാണ്.
കുര്യന്റെ കൂട്ടിക്കൊടുപ്പുകാരനെ ഡി സി സിയ്ക്ക് ആവശ്യമില്ലെന്നും കുര്യന്റെ തിണ്ണനിരങ്ങിയവന്‍ ഡിസിസി പ്രസിഡന്റെന്നും പോസ്റ്ററില്‍ പറയുന്നു. അതേസമയം കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ കൂടുതല്‍ നേതാക്കള്‍ പരസ്യ പ്രതികരണവുമായി രംഗത്തെത്തി.
‘ഇതൊന്നും കണ്ട് തിരിച്ചു പോകരുതേ ബാപ്പുജിയെന്നും ഗാന്ധിജിയിലേക്ക് മടങ്ങാമെന്നും ശരത് ചന്ദ്രപ്രസാദ് ഫേസ്ബുക്കില്‍ കുറിച്ചു. തിരുവനന്തപുരം ഡി സി സി അധ്യക്ഷ പട്ടികയില്‍ പരിഗണിച്ചിരുന്നയാളാണ് ശരത് ചന്ദ്ര പ്രസാദ്. എന്നാല്‍ പിന്നീട് ഇദ്ദേഹത്തിന്റെ പേര് തള്ളുകയായിരുന്നു .
‘കൊവിഡാണ് ആള്‍ക്കൂട്ടം ഒഴിവാക്കുന്നതാണ് നല്ലതെന്നും നന്മളെ നന്മള് തന്നെ ശ്രദ്ധിക്കണമെന്നും’ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍ന്റ് എന്‍എസ് നുസൂറും പാര്‍ട്ടിയെ ട്രോളികൊണ്ട് ഫേസ്ബുക്കില്‍ കുറിച്ചു. പുനഃസംഘടനയില്‍ പാര്‍ട്ടി അച്ചടക്കം ലംഘിച്ച് പരസ്യപ്രതികരണം നടത്തിയതിന് കെ ശിവദാസന്‍ നായരെയും കെ പി അനില്‍കുമാറിനെയും കഴിഞ്ഞ ദിവസം സസ്പെന്റ് ചെയ്തു.
തിരുവനന്തപുരത്ത് പാലോട് രവിയെ പ്രസിഡന്റ് ആക്കിയത് അനീതിയെന്നും പി എസ് പ്രശാന്ത് പ്രതികരിച്ചു. തന്നെ നെടുമങ്ങാട് പരാജയപ്പെടുത്തിയതിന് പിന്നില്‍ പാലോട് രവിയെന്നും പ്രശാന്ത് ആരോപിച്ചു.വരും മണിക്കൂറുകളില്‍ കൂടുതല്‍ പരസ്യ പ്രതികരണം ഉണ്ടാകുമെന്നും അത് തടയാന്‍ കോണ്‍ഗ്രസ് നേതൃത്വം ഏറെ പ്രയാസപ്പെടുമെന്നും പ്രശാന്ത് നേരത്തെ സൂചന നല്‍കിയിരുന്നു.