മലപ്പുറം
സ്വാതന്ത്ര്യസമര രക്തസാക്ഷി നിഘണ്ടുവിൽനിന്ന് മലബാർ സമര യോദ്ധാക്കളുടെയും വാഗൺ ട്രാജഡി രക്തസാക്ഷികളുടെയും പേര് വെട്ടിമാറ്റാനുള്ള ഇന്ത്യൻ ചരിത്ര കൗൺസിൽ തീരുമാനം ചരിത്ര നിഷേധമെന്ന് കേരള ഹിസ്റ്ററി കോൺഗ്രസ്. 1921ലെ മലബാർ സമരത്തിൽ പങ്കാളികളായ 387 പേരെയും വാഗൺ കൂട്ടക്കൊലയിൽ ജീവൻ പൊലിഞ്ഞ 70 പേരെയും പട്ടികയിൽനിന്ന് ഒഴിവാക്കാനുള്ള നീക്കം കടുത്ത അനീതിയാണ്.
കൊളോണിയൽ ഭരണത്തിനുകീഴിൽ പൊറുതിമുട്ടിയ സമൂഹങ്ങൾ പലപ്പോഴും സാഹചര്യങ്ങളുടെ സമ്മർദങ്ങളാൽ വിഭിന്ന രൂപങ്ങളിൽ സമരംചെയ്തിട്ടുണ്ട്. മഹാത്മാഗാന്ധിയും മൗലാനാ ഷൗഖത്തലിയുമടക്കമുള്ള ദേശീയ നേതാക്കളുടെ പ്രേരണയിൽ നിസ്സഹകരണ സമരരംഗത്ത് സജീവമായ മലബാറിലെ മാപ്പിള കർഷകർ നടത്തിയ പോരാട്ടം നാടിന്റെ സ്വാതന്ത്ര്യസമര ചരിത്രത്തിന്റെ ഭാഗമാണെന്ന് മലബാർ സമരങ്ങളെക്കുറിച്ച് പഠിച്ചവരൊക്കെ കണ്ടെത്തിയതാണ്. ബ്രിട്ടീഷ് മർദനത്തിന്റെ കാഠിന്യം വർധിക്കുകയും നേതൃത്വം തുറുങ്കിലടയ്ക്കപ്പെടുകയുംചെയ്ത സമയത്ത് നടന്ന ചില അപഭ്രംശങ്ങളുടെ പേരിൽ ഒരു ചരിത്രസംഭവത്തെ മുഴുവൻ തെറ്റായി പ്രതിനിധാനംചെയ്യുന്നത് അംഗീകരിക്കാനാവില്ല. ഇത്തരം അപഭ്രംശങ്ങളെ തടയാനും കലാപ പ്രദേശങ്ങളിൽ നീതിയും സമാധാനവും നടപ്പാക്കാനും ശ്രമിച്ച വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെപ്പോലുള്ളവരെ പോരാളികളുടെ പട്ടികയിൽനിന്ന് ഒഴിവാക്കുന്നത് സ്വാതന്ത്ര്യസമരത്തിന്റെ സത്ത ചോർത്തും.
ചരിത്രവസ്തുതകളെ തമസ്കരിച്ചും അക്കാദമിക പണ്ഡിതന്മാരുടെ കണ്ടെത്തലുകളെ മറച്ചുവച്ചും ഇന്ത്യൻ ചരിത്ര കൗൺസിൽ നടത്തുന്ന നീക്കത്തിനെതിരെ ശക്തമായ പ്രതികരണമുണ്ടാവണമെന്ന് ചരിത്ര കോൺഗ്രസ് ആഹ്വാനംചെയ്തു.