തിരുവനന്തപുരം> പുതിയ ഡിസിസി പ്രസിഡന്റുമാരുടെ പട്ടിക കേരളത്തിലെ കോൺഗ്രസിന്റെ “വാട്ടർ ലൂ’ ആകുമെന്ന് കെപിസിസി ജനറൽ സെക്രട്ടറി കെ പി അനിൽകുമാർ. പ്രസിഡന്റുമാരായി ഗ്രൂപ്പില്ലാത്ത ആളുകളെ പരിഗണിക്കുമെന്നും ഗ്രൂപ്പായിരിക്കില്ല മാനദണ്ഡമെന്നുമാണ് തുടക്കത്തിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും അറിയിച്ചത്. എന്നാൽ, പട്ടികയിൽ ഉൾപ്പെട്ട 14 പേരും ഗ്രൂപ്പുള്ളവരാണെന്ന് അനിൽകുമാർ പറഞ്ഞു. വാക്ക് പാലിക്കാൻ അവർ തയ്യാറായില്ല. ഇഷ്ടക്കാരെ ഉൾപ്പെടുത്തി അവർ പട്ടിക തയ്യാറാക്കി.
എന്ത് അർഹതയും കഴിവുമാണ് ഇവർക്കുള്ളതെന്നും ഒരു മാനദണ്ഡവും പാലിക്കാതെയാണ് പ്രസിഡന്റുമാരെ തെരഞ്ഞെടുത്തതെന്നും അനിൽകുമാർ പറഞ്ഞു. പുതിയ പട്ടിക കോൺഗ്രസിനെ തകർക്കുമെന്നതിൽ തനിക്ക് സംശയമില്ല. കേരളത്തിൽ കോൺഗ്രസിനെ മികച്ച രീതിയിൽ നയിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുകയാണ് സുധാകരന്റെയും സതീശന്റെയും ലക്ഷ്യമെങ്കിൽ അതിന് കടകവിരുദ്ധമായ നടപടിയാണ് അവരിൽനിന്ന് ഉണ്ടാകുന്നത്.
വിവിധ ജില്ലകളിൽനിന്നുള്ള കോൺഗ്രസ് പ്രവർത്തകർ പാർടി വീടുമെന്ന് പറഞ്ഞ് ദിവസവും തന്നെ ബന്ധപ്പെടുന്നു. അവരെ പാർടിയിൽ നിലനിർത്താനുള്ള നടപടികളാണ് ഇനി നടത്തേണ്ടത്. സ്വാർഥതാൽപ്പര്യത്തോടെ പ്രവർത്തിച്ചാൽ കോൺഗ്രസുകാർ ഒപ്പം നിൽക്കില്ലായെന്ന് നേതാക്കൾ മനസ്സിലാക്കണമെന്നും അല്ലെങ്കിൽ കോൺഗ്രസിന്റെ ഭാവി ഇതോടെ അവസാനിക്കുമെന്നും അനിൽകുമാർ പറഞ്ഞു. ചാനൽ ചർച്ചയ്ക്കിടെ ടെലിഫോണിലാണ് അനിൽകുമാർ ഇത്തരത്തിൽ കോൺഗ്രസിനെതിരെ ശക്തമായി പ്രതികരിച്ചത്. അനിൽ കുമാർ പറഞ്ഞത് തീർത്തും ശരിയാണെന്ന് കെ ശിവദാസൻനായരും പറഞ്ഞു.