തിരുവനന്തപുരം> ജാതിക്കതീതമായി മനുഷ്യന്റെ അന്തസ്സുയർത്തിപ്പിടിച്ച ധീരസമര നായകനാണ് അയ്യൻകാളിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള ദളിത് ഫെഡറേഷൻ സംഘടിപ്പിച്ച അയ്യൻകാളി ജന്മദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചരിത്രത്തിലെ ജ്വലിക്കുന്ന അധ്യായമാണ് അയ്യൻകാളിയുടെ ജീവിതം. 1908ൽ സാധുജനപരിപാലന സംഘത്തിന്റെ നേതൃത്വത്തിൽ സമ്പൂർണ പണിമുടക്കിന് നേതൃത്വം നൽകി. ആ പണിമുടക്കാണ് വലിയ വിഭാഗം കുട്ടികൾക്ക് വിദ്യാലയപ്രവേശനം നേടിക്കൊടുത്തത്.
രാജ്യത്ത് അധഃസ്ഥിതർക്കുനേരെ അതിക്രമങ്ങളും അടിച്ചമർത്തലുകളും വർധിക്കുമ്പോൾ മനസ്സിലാക്കേണ്ടത് ഭരണഘടനയും ജനാധിപത്യവും അപകടത്തിലാകുന്നു എന്നാണ്. ചങ്ങാത്തമുതലാളിത്തം ലോകത്തെയാകെ വിഴുങ്ങുമ്പോൾ അതിന് ബദൽ ഉണ്ടെന്ന് തെളിയിച്ച ജനതയാണ് നമ്മുടേത്. അരികുവൽക്കരിക്കപ്പെട്ടവർ ഉൾപ്പെടെയുള്ളവരുടെ സാമ്പത്തിക, സാമൂഹ്യ സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ കേരള സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കെഡിഎഫ് സംസ്ഥാന പ്രസിഡന്റ് പി രാമഭദ്രൻ അധ്യക്ഷനായി. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, പന്തളം സുധാകരൻ, വിവിധ സംഘടനാ ഭാരവാഹികളായ എസ് പ്രഹ്ലാദൻ, രാമചന്ദ്രൻ മുല്ലശ്ശേരി, നെയ്യാറ്റിൻകര സത്യശീലൻ, കെ രവികുമാർ, ഐസക് വർഗീസ്, എസ് പി മഞ്ജു, വിളപ്പിൽശാല പ്രേംകുമാർ എന്നിവർ സംസാരിച്ചു.
അയ്യൻകാളി അവകാശപ്പോരാട്ടങ്ങളുടെ അമരക്കാരനായിരുന്നെന്ന് മുഖ്യമന്ത്രി ഫെയ്സ് ബുക്കിലും കുറിച്ചു.