തിരുവനന്തപുരം> മൂന്നാം തരംഗം തടയാനുള്ള ഒരുക്കങ്ങൾ നേരത്തേ ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. താലൂക്ക് ആശുപത്രികൾമുതൽ കൂടുതൽ ഓക്സിജൻ കിടക്കയും ഐസിയുവും സജ്ജമാക്കുകയാണ്. വെന്റിലേറ്ററിന്റെ എണ്ണവും വർധിപ്പിച്ചു.
കുട്ടികൾക്ക് വാക്സിനേഷൻ ആരംഭിക്കാത്തതിനാൽ ചികിത്സാ സംവിധാനങ്ങൾ വർധിപ്പിച്ചു. ഓക്സിജൻ സജ്ജീകരണമുള്ള 490 കിടക്ക, 158 എച്ച്ഡിയു, 96 ഐസിയു എന്നിങ്ങനെ 744 കിടക്കയാണ് സജ്ജമാക്കുന്നത്. 870 മെട്രിക് ടൺ ഓക്സിജന്റെ കരുതൽ ശേഖരമുണ്ട്. നിർമാണകേന്ദ്രങ്ങളിൽ 500 മെട്രിക് ടണ്ണും കെഎംഎസ്സിഎല്ലിൽ 80 മെട്രിക് ടണ്ണും കരുതിയിട്ടുണ്ട്. ആശുപത്രികളിൽ 290 മെട്രിക് ടൺ ഓക്സിജനും കരുതൽ ശേഖരമായിട്ടുണ്ട്. 33 ഓക്സിജൻ ജനറേഷൻ യൂണിറ്റാണ് സജ്ജമാക്കുന്നത്. ഇതിലൂടെ 77 മെട്രിക് ടൺ അധികം നിർമിക്കാനാകും.
ഒമ്പത് എണ്ണം പ്രവർത്തനസജ്ജമായി. 38 ഓക്സിജൻ ജനറേഷൻ യൂണിറ്റുകൂടി സ്ഥാപിക്കാനുള്ള നടപടി പുരോഗമിക്കുകയാണ്. സർക്കാർ ആശുപത്രികൾക്ക് പുറമെ എം പാനൽ ചെയ്ത 281 സ്വകാര്യ ആശുപത്രികളിലും കോവിഡ് ചികിത്സ എപിഎൽ, ബിപിഎൽ വ്യത്യാസമില്ലാതെ സൗജന്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.