കോഴിക്കോട്> കുഞ്ഞാലിക്കുട്ടിയുടെ ആർത്തി തെരഞ്ഞെടുപ്പ് പരാജയ കാരണമായെന്ന കെപിസിസി റിപ്പോർട്ടിൽ മുസ്ലിം ലീഗ് ഔദ്യോഗിക നേതൃത്വം മൗനം തുടരുമ്പോൾ എതിർപ്പുമായി കുഞ്ഞാലിക്കുട്ടി വിഭാഗം രംഗത്ത്. കോൺഗ്രസും പാർടിയിലെ ഒരുവിഭാഗവും നടത്തുന്ന വിമർശനങ്ങളെ കുഞ്ഞാലിക്കുട്ടി അനുകൂലികൾ പരസ്യമായി തള്ളി.
അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയെ ലക്ഷ്യംവച്ചുള്ള നീക്കങ്ങൾ അനുവദിക്കില്ലെന്ന മുന്നറിയിപ്പുമായി പ്രവർത്തകസമിതി അംഗം പി അബ്ദുൾ ഹമീദ് എംഎൽഎയാണ് രംഗത്തെത്തിയത്. തളരുമ്പോൾ താങ്ങേണ്ടവർ ശത്രുക്കളെ സന്തോഷിപ്പിക്കുന്നത് ഭൂഷണമല്ലെന്ന് സുപ്രഭാതം പത്രത്തിൽ എഴുതിയ ലേഖനത്തിൽ അബ്ദുൾ ഹമീദ് വ്യക്തമാക്കി. പ്രശ്നങ്ങൾ നിഷ്പക്ഷവും നീതിപൂർവകവുമായി വിലയിരുത്തി പരിഹരിക്കാൻ പ്രാപ്തരായ നേതാക്കൾ ലീഗിലുണ്ട്. ‘തീരുമാനത്തിൽ തെറ്റും അബദ്ധവും സംഭവിക്കാം. അത് തിരുത്തുക ഉൾപ്പാർടി ജനാധിപത്യമുള്ള ലീഗിൽ സംഭവ്യമാണ്. എന്നാൽ പുറമേക്ക് വലിച്ചിട്ട് വ്രണപ്പെടുത്തുന്ന രീതി ശരിയല്ല. ഇത് പാർടിയിലുള്ളവരും പാർടിയെ മനസ്സിലാക്കിയവരും ഉൾക്കൊള്ളേണ്ടതാണ്’–- ലേഖനത്തിൽ പറയുന്നു.
ലീഗിലെ പ്രശ്നങ്ങൾ പഠിക്കാൻ രൂപീകരിച്ച ഉപസമിതി കോഴിക്കോട്ട് യോഗം ചേരുന്ന ദിവസമാണ് കുഞ്ഞാലിക്കുട്ടിവിരുദ്ധരെ തുറന്നുകാട്ടിയുള്ള ലേഖനം എന്നത് ശ്രദ്ധേയം. അബ്ദുൾ ഹമീദും ഉപസമിതി അംഗമാണ്.