തിരുവനന്തപുരം> അറുപത് വയസ്സിനു മുകളിലുള്ളവർ, അനുബന്ധ രോഗമുള്ളവർ എന്നീ വിഭാഗങ്ങളിൽ ഏകദേശം ഒമ്പതുലക്ഷം പേർ വാക്സിൻ എടുക്കാൻ തയ്യാറായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇത്തരക്കാരെ സന്നദ്ധമാക്കാനുള്ള നടപടികൾ കൈക്കൊള്ളും. വാക്സിൻ വിമുഖത തുടരുന്നത് ഗൗരവമായി പരിശോധിക്കും.
പാർശ്വഫലങ്ങളോർത്ത് ആശങ്കകളുള്ളവർ ഇപ്പോഴുമുണ്ട്. വാക്സിൻ വിരുദ്ധ പ്രചാരണങ്ങൾ ആശങ്കകൾക്ക് ആക്കംകൂട്ടുന്നുണ്ട്. വാക്സിനെടുത്താൽ ചെറുപ്പക്കാരേക്കാൾ കുറഞ്ഞ പാർശ്വഫലങ്ങളും കൂടുതൽ പ്രതിരോധവുമാണ് പ്രായമായവരിൽ ഉണ്ടാകുന്നത്. മരിക്കുന്നവരിൽ ഭൂരിഭാഗവും വാക്സിൻ എടുക്കാത്തവരായതിനാൽ രോഗപ്രതിരോധത്തിനുള്ള മികച്ച മാർഗം വാക്സിൻ സ്വീകരിക്കുകയാണ്.
വാക്സിനേഷൻ യജ്ഞം വൻവിജയം
സംസ്ഥാനത്ത് വാക്സിനേഷൻ യജ്ഞം വൻവിജയമായി. വെള്ളിയാഴ്ചവരെ അരക്കോടിയിലധികം പേർക്ക് (54,11,773) വാക്സിൻ നൽകാൻ സാധിച്ചു. രണ്ടു തവണ അഞ്ചു ലക്ഷത്തിലധികം പേർക്കും മൂന്നുതവണ നാലു ലക്ഷത്തിലധികം പേർക്കും പ്രതിദിനം വാക്സിൻ നൽകി. സംസ്ഥാനത്തെ രണ്ടു കോടിയിലധികം ജനങ്ങൾക്ക് (2,77,99,126) ആദ്യ ഡോസ് വാക്സിൻ നൽകി.
ഇതുവരെ ഒന്നും രണ്ടും ഉൾപ്പെടെ 2,77,99,126 ഡോസ് വാക്സിനാണ് നൽകിയത്. 2,03,90,751 പേർക്ക് ഒന്നാം ഡോസും 74,08,375 പേർക്ക് രണ്ടാം ഡോസ് വാക്സിനുമാണ് നൽകിയത്.