കൊച്ചി> കോവിഡ് വ്യാപന നിരക്ക് വർധിക്കുന്നതുകൊണ്ട് ജില്ലയും കർശന നടപടികളിലേക്ക്. ഡബ്ല്യുഐപിആർ നിരക്ക് കൂടിയ വാർഡുകളിലെയും മൈക്രോ നിയന്ത്രിതമേഖലകളിലെയും പ്രവേശനകവാടങ്ങളിൽ ശക്തമായ നിരീക്ഷണം തുടരും. ഇക്കാര്യം പൊലീസ് കർശനമായി പാലിക്കുമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു.
ഈ പ്രദേശങ്ങളിൽ രോഗപരിശോധനയും വാക്സിനേഷനും കൂട്ടും. ഓണക്കാലത്തിനുശേഷം രോഗികളുടെ എണ്ണം കൂടുന്നുണ്ടെങ്കിലും ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിൽ കാര്യമായ വർധനയില്ല. എന്നാൽ, കോവിഡ് ഒന്നാംതല ചികിത്സാകേന്ദ്രങ്ങളിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കൂടി. അതിനാൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിലും വരുംദിവസങ്ങളിൽ വർധന ഉണ്ടാകാം.
ഇതിനനുസരിച്ച് കിടക്കസൗകര്യം, ഓക്സിജൻ കിടക്കകൾ, ഐസിയു എന്നിവ വർധിപ്പിക്കും. ഞായറാഴ്ച സമ്പൂർണ അടച്ചുപൂട്ടൽ കർശനമായി നടപ്പാക്കും. 70 വയസ്സിനുമേലുള്ളവരിൽ വാക്സിൻ എടുക്കാൻ വിമുഖത കാട്ടിയവരുടെ പട്ടിക പ്രത്യേകം തയ്യാറാക്കി അവർക്കും വാക്സിൻ ലഭ്യമാക്കാൻ പ്രാദേശികതലത്തിൽ നടപടി സ്വീകരിക്കും. ഈ പ്രായക്കാർക്കിടയിൽ കോവിഡുമൂലം മരണം കൂടുന്നത് കണക്കിലെടുത്താണ് നടപടി.
3807 കോവിഡ് ബാധിതര്
കൊച്ചി> ജില്ലയിൽ ശനിയാഴ്ച 3807 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 1819 പേർ രോഗമുക്തരായി. ഇതോടെ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 26,001 ആയി. കോവിഡ് സ്ഥിരീകരണ നിരക്ക് 17.11 ആയി ഉയർന്നു. രോഗബാധിതരിൽ അഞ്ച് ആരോഗ്യപ്രവർത്തകരും മൂന്ന് പൊലീസ് ഉദ്യോഗസ്ഥരും 11 ഐഎൻഎച്ച്എസ് ജീവനക്കാരും സിഐഎസ്എഫ് ഉദ്യോഗസ്ഥനും നാല് അതിഥിത്തൊഴിലാളികളും ഉൾപ്പെടുന്നു.
തൃക്കാക്കര (101), മലയാറ്റൂർ നീലീശ്വരം (90), കോട്ടുവള്ളി, മൂക്കന്നൂർ (85 വീതം), കീഴ്മാട് (73), കളമശേരി (72), തൃപ്പൂണിത്തുറ (71), പള്ളിപ്പുറം (68), കുന്നത്തുനാട് (67), നോർത്ത് പറവൂർ (63), കാലടി (62), മഴുവന്നൂർ (61) എന്നിവിടങ്ങളിലാണ് കൂടുതൽ രോഗികൾ.
വീടുകളിൽ 4819 പേർകൂടി നിരീക്ഷണത്തിലായി. 3737 പേരെ നിരീക്ഷണപ്പട്ടികയിൽനിന്ന് ഒഴിവാക്കി. 40,538 പേർ വീടുകളിൽ നിരീക്ഷണത്തിലുണ്ട്. 22,194 സാമ്പിളുകൾ പരിശോധനയ്ക്ക് നൽകി.
നിബന്ധന പാലിക്കാത്ത ലാബുകൾ കുടുങ്ങും
കൊച്ചി
കോവിഡ് പരിശോധനാവിവരങ്ങൾ കൃത്യമായി രേഖപ്പെടുത്താത്ത സ്വകാര്യ ലാബുകളുടെ ലൈസൻസ് റദ്ദാക്കുമെന്ന് കലക്ടർ ജാഫർ മാലിക്. കോവിഡ് നെഗറ്റീവ് കേസുകൾ രേഖപ്പെടുത്താത്തതും പരിശോധനയ്ക്ക് വിധേയരായവരുടെ വാർഡ് നമ്പർ ഉൾപ്പെടെയുള്ള പൂർണവിവരങ്ങൾ രേഖപ്പെടുത്താത്തതുമായ ലാബുകൾക്കെതിരെയാണ് നടപടി. ലാബുകളിലെ ഡാറ്റ എൻട്രി പ്രവർത്തനങ്ങൾ പ്രത്യേകസംഘം പരിശോധിക്കും.
വീടുകളിൽ കഴിയുന്ന മറ്റു ഗുരുതര രോഗമുള്ളവരിൽ കോവിഡ് ലക്ഷണം കണ്ടാൽ ഉടൻ ആശുപത്രിയിലേക്ക് മാറ്റണമെന്നും കലക്ടർ നിർദേശിച്ചു.