തിരുവനന്തപുരം> കെഎസ്ഇബിയുടെ കീഴിലുള്ള 18 ഡാമിലുള്ളത് സംഭരണശേഷിയുടെ 69.24 ശതമാനം ജലം. 3532 ദശലക്ഷം ഘനമീറ്ററാണ് ആകെ സംഭരണശേഷി. നിലവിലുള്ളത് 2445 ദശലക്ഷം ഘനമീറ്റർ. മുൻവർഷത്തേക്കാൾ 101.52 ദശലക്ഷം ഘനമീറ്റർ ജലം കൂടുതലുണ്ട്. സംസ്ഥാന റൂൾ കർവ് അവലോകനസമിതി ജലനിരപ്പ് വിലയിരുത്തി.
പ്രധാന നാല് ഡാമിൽ നിശ്ചിത റൂൾ കർവ് നിരപ്പിനേക്കാളും താഴെയാണ് ജലനിരപ്പ്. ഓരോ 10 ദിവസവും ശേഖരിക്കാവുന്ന വെള്ളത്തിന്റെ അളവ് നിശ്ചയിക്കുന്നത് റൂൾ കർവിനെ അടി സ്ഥാനമാക്കിയാണ്. ഡാമുകളിലെ ജലനിയന്ത്രണത്തിനാണ് ഇത്. ഇടുക്കിയിൽ ആകെ സംഭരണശേഷിയുടെ 67.31, ഇടമലയാറിൽ 68.38, കക്കിയിൽ 71.52, ബാണാസുര സാഗറിൽ 73.66 ശതമാനം ജലമാണുള്ളത്.
ചെറിയ സംഭരണശേഷിയുള്ള പൊരിങ്ങൽക്കുത്ത്, മൂഴിയാർ ഡാമുകളാണ് തുറന്നിട്ടുള്ളത്. കല്ലാർകുട്ടിയിൽ റെഡ് അലർട്ടുണ്ട്. തമിഴ്നാട് ഷോളയാറിൽനിന്ന് കേരള ഷോളയാർ ജലസംഭരണിയിലേക്കുള്ള നീരൊഴുക്ക് താൽക്കാലികമായി നിർത്തി. ഇവിടെ പവർഹൗസ് പൂർണ തോതിൽ പ്രവർത്തിപ്പിക്കാൻ ആരംഭിച്ചു.