തിരുവനന്തപുരം> കോവിഡ് മൂന്നാംതരംഗം തടയാൻ യുദ്ധകാലാടിസ്ഥാനത്തിൽ ഒരുക്കം തുടങ്ങിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. രോഗവ്യാപനം തുടരുന്ന സാഹചര്യം ഗൗരവപൂർവം പരിശോധിക്കുകയാണെന്നും വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മരണം അധികരിക്കാതെ നിർത്തുക, കുത്തിവയ്പ് അതിവേഗത്തിൽ പൂർത്തിയാക്കുക എന്നതാണ് പ്രധാനം. ജനജീവിതം സാധാരണനിലയിലേക്ക് തിരിച്ചുകൊണ്ടുവരണം. ആശങ്കയല്ല; ഒറ്റക്കെട്ടായിനിന്ന് ജാഗ്രതയോടെ നേരിടുകയാണ് വേണ്ടത്. കുപ്രചാരണങ്ങളിലൂടെ ആശങ്കയുണ്ടാക്കാനുള്ള ശ്രമം ചില കോണിൽനിന്നുണ്ട്. എന്നാൽ, സർക്കാർ സ്വീകരിച്ച നടപടികളുടെ അനുഭവം ജനങ്ങളുടെ മുന്നിലുണ്ട്.
ആരോഗ്യ വിദഗ്ധരടക്കം കേരളത്തിന്റെ നടപടികളെ പ്രകീർത്തിച്ചിട്ടുമുണ്ട്. കുത്തിവയ്പ് ദ്രുതഗതിയിൽ പുരോഗമിക്കുന്നതിനാൽ സാമൂഹ്യ പ്രതിരോധശേഷി താമസിയാതെ കൈവരിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. ജനസംഖ്യാനുപാതികമായി വാക്സിനേഷൻ ഏറ്റവും കൂടുതൽ ആളുകൾക്ക് ഏറ്റവും വേഗത്തിൽ നൽകുന്ന സംസ്ഥാനമാണ് കേരളമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശക്തമാക്കി പ്രതിരോധം
● രോഗീ–ജനസംഖ്യാ വാരാനുപാതം (ഡബ്ല്യുഐപിആർ) ഏഴിൽ കൂടുതലുള്ള പ്രദേശങ്ങൾ അടച്ചിടും
● സ്ഥിതി വിലയിരുത്താൻ സെപ്തംബർ ഒന്നിന് വിദഗ്ധരുടെ യോഗം
● തദ്ദേശഭരണ സ്ഥാപനങ്ങളിലെ പ്രസിഡന്റുമാരും സെക്രട്ടറിമാരും പങ്കെടുക്കുന്ന യോഗം സെപ്തംബർ മൂന്നിന്
● പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥരെ ജില്ലകളിൽ നിയോഗിച്ചു. നാളെ ചുമതലയേൽക്കും
● ജില്ലയിൽ അഡീഷണൽ എസ്പിമാർ കോവിഡ് നിയന്ത്രണങ്ങളുടെ നോഡൽ ഓഫീസർമാരാകും
●വ്യാപാരസ്ഥാപന ഉടമസ്ഥരുടെയും റസിഡൻസ് അസോസിയേഷൻ ഭാരവാഹികളുടെയും യോഗം വീണ്ടും ചേരും
● ഐടിഐ പരീക്ഷ എഴുതേണ്ടവർക്കുമാത്രം പ്രാക്ടിക്കൽ ക്ലാസിന് അനുമതി
● അനുബന്ധ രോഗങ്ങളുള്ളവർക്കും പ്രായം കൂടിയവർക്കും കോവിഡ് ബാധയുണ്ടായാൽ അതിവേഗം ചികിത്സ