ന്യൂഡൽഹി> ഒരു വിഷയത്തിലെ സത്യാവസ്ഥ അറിയാൻ എപ്പോഴും ഭരണകൂടത്തെമാത്രമായി ആശ്രയിക്കാനാകില്ലെന്ന് സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. ഏകാധിപത്യ ഭരണകൂടങ്ങൾ അധീശത്വം നിലനിർത്താൻ നുണകളെ തുടർച്ചയായി ആശ്രയിക്കാറുണ്ട്. അധികാരത്തിലുള്ളവരോട് സത്യം വിളിച്ചുപറയാൻ പൗരന് അവകാശമുണ്ട്. ജനാധിപത്യത്തെ സജീവമായി നിലനിർത്താൻ ഈ കടമ നിറവേറ്റണമെന്നും ആറാമത് എം സി ചഗ്ല സ്മാരക ഓൺലൈൻ പ്രഭാഷണത്തിൽ ചന്ദ്രചൂഡ് പറഞ്ഞു.
ജനങ്ങൾ കൂടുതൽ ജാഗ്രത പാലിച്ച്, പ്രക്രിയയിൽ കൂടുതൽ സജീവമായി ഇടപെടണം. ജനാധിപത്യവും സത്യവും യോജിച്ച് പോകേണ്ടതാണ്. ജനാധിപത്യത്തിലും രാഷ്ട്രീയ കാരണങ്ങളാൽ ഭരണകൂടങ്ങൾ സത്യം മറച്ചുവയ്ക്കുന്നു. പെന്റഗൺ പേപ്പറുകൾ പുറത്തുവരുന്നതുവരെ വിയറ്റ്നാം യുദ്ധത്തിലെ യുഎസിന്റെ പങ്ക് അറിഞ്ഞിരുന്നില്ല. കോവിഡ് സാഹചര്യത്തിൽ യഥാർഥ കണക്ക് മറച്ചുവയ്ക്കുന്ന പ്രവണത ലോകരാജ്യങ്ങൾക്കിടയിൽ വർധിച്ചുവരുന്നത് പ്രകടമാണ്.
സത്യം പുറത്തുവിടേണ്ട സ്ഥാപനങ്ങളെ നിശിതമായി സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കണം. സത്യാവസ്ഥ അറിയാൻ നിരന്തരം ചോദ്യങ്ങൾ ഉയർത്തണം.
ഭരണസ്ഥാപനങ്ങൾ സുതാര്യമാകണം–- ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു.