വാഷിങ്ടൺ> കോവിഡ് മൃഗങ്ങളിൽനിന്ന് മനുഷ്യരിലേക്ക് പടർന്നതാകാനാണ് സാധ്യതയെന്നും വ്യാപനത്തിനുമുമ്പ് ഈ വൈറസിനെക്കുറിച്ച് ചൈനയിലെ നേതാക്കൾക്ക് അറിവുണ്ടായിരുന്നില്ലെന്നും അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികൾ. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ നിർദേശപ്രകാരം അഞ്ച് രഹസ്യാന്വേഷണ ഏജൻസികൾ നടത്തിയ പഠനത്തിന്റെ പ്രാഥമിക അവലോകന റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.
വൈറസ് മൃഗങ്ങളിൽനിന്ന് മനുഷ്യരിലേക്ക് പകർന്നതാകാനാണ് സാധ്യതയെന്ന് നാല് ഏജൻസി പറയുമ്പോൾ ആദ്യമായി കോവിഡ് പടർന്നത് വുഹാനിലെ ലാബിൽനിന്നാവുമെന്നാണ് ഒരു ഏജൻസിയുടെ നിഗമനം. അതേസമയം, ഇതിനെ ജൈവായുധമാക്കി സൃഷ്ടിച്ചതാണെന്ന് കരുതുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. കോവിഡിന്റെ ഉത്ഭവം സംബന്ധിച്ച വിവാദത്തില്‍ വ്യക്തത വരുത്താന്‍ 90 ദിവസത്തെ സമയം ബൈഡന് ഭരണകൂടം രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് നല്കിയി*രുന്നു.
അന്വേഷണം പൂർത്തിയായിട്ടില്ലെന്നും കോവിഡിന്റെ ഉറവിടം കണ്ടെത്താൻ ചൈന സഹകരിക്കുന്നില്ലെന്നും അമേരിക്കൻ രഹസ്യാന്വേഷണ ഡയറക്ടർ പറഞ്ഞു.
എന്നാൽ ചൈനയെ ബലിയാടാക്കി സ്വയം വെള്ളപൂശാനുള്ള അമേരിക്കയുടെ ശ്രമമാണ് പഠനമെന്ന് ചൈനീസ് വിദേശമന്ത്രാലയം ഡയറക്ടർ ഫു കോങ് പ്രതികരിച്ചു.