കാബൂള്‍ > കാബൂള്‍ വിമാനത്താവള പരിസരത്ത് നിയന്ത്രണം ശക്തമാക്കി താലിബാന്. വിമാനത്താവളത്തിനു പുറത്ത് ആളുകള്‍ കൂടുന്നത് ഒഴിവാക്കാന്‍ കൂടുതല്‍ സായുധ സംഘത്തെ താലിബാൻ വിന്യസിച്ചു. വിമാനത്താവളത്തിലേക്കുള്ള വഴികളിൽ പുതിയ ചെക്ക്പോസ്റ്റുകൾ സ്ഥാപിച്ചതായും അഫ്ഗാൻ സേനയിൽനിന്ന് പിടിച്ചെടുത്ത കവചിത വാഹനങ്ങളുമായി നൈറ്റ് വിഷന്‍ ഗ്ലാസുകളും യൂണിഫോമും ധരിച്ച താലിബാൻകാര്‍ റോന്തുചുറ്റുകയാണെന്നും റിപ്പോര്‍ട്ടുണ്ട്.
താലിബാൻ നിയന്ത്രണമേറ്റെടുത്തതിനെത്തുടർന്ന് രാജ്യം വിട്ടുപോകാമെന്ന പ്രതീക്ഷയിൽ രണ്ടാഴ്ചയായി ജനക്കൂട്ടം ഒത്തുകൂടിയ പ്രദേശങ്ങൾ ഇപ്പോള്‍ കാര്യമായി ആളുകളില്ല. വിമാനത്താവളത്തിലേക്ക് പോകാന്‍ ശ്രമിക്കുന്നവരെ താലിബാന് ചെക്ക്പോസ്റ്റുകളില്‍ തടഞ്ഞുനിര്‍ത്തുന്നു. അമേരിക്കന്‍ പൗരരെമാത്രമാണ് കടത്തിവിടാന്‍ നിര്‍ദേശമുള്ളതെന്ന് അറിയിക്കുന്നുണ്ട്. ആളുകളെ വിരട്ടിയോടിക്കാൻ ഇടയ്ക്കിടെ ആകാശത്തേക്ക് വെടിയുതിര്ക്കുന്നതിനെത്തുടര്ന്ന് പ്രദേശം പുകകൊണ്ട് മൂടിയിരിക്കുകയാണെന്നാണ് അസോസിയറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
വിമാനത്താവള പരിസരത്ത് ഭീകരാക്രമണ ഭീഷണി തുടരുന്നതായാണ് യുഎസ് ഉള്‍പ്പെടെ മുന്നറിയിപ്പ് നല്‍കുന്നത്. നാറ്റോ അംഗരാജ്യങ്ങളിൽ പലതും രക്ഷാദൗത്യം അവസാനിപ്പിച്ചു. വിമാനത്താവളത്തിൽ നിന്ന് അമേരിക്കൻ സൈന്യവും പിൻവാങ്ങൽ ആരംഭിച്ചതായി പെന്റഗൺ വക്താവ് ജോൺ കിർബി മാധ്യമങ്ങളോട് പറഞ്ഞു. അവസാന നിമിഷംവരെ ദൗത്യം തുടരുമെന്നാണ് അമേരിക്കയുടെ പ്രഖ്യാപനം.
ഒടുവില്‍ പുറത്തുവിട്ട കണക്ക് പ്രകാരം 1,11,900 പേരെ ഒഴിപ്പിച്ചിട്ടുണ്ട്, ഏകദേശം 1500 അമേരിക്കന്‍ പൗരരാണ് അഫ്ഗാനില്‍ തുടരുന്നത്. രക്ഷാദൗത്യം ചൊവ്വാഴ്ച അവസാനിക്കാനിരിക്കെ അമേരിക്കന്‍ സൈന്യത്തിനുവേണ്ടി പരിഭാഷകരായി പ്രവര്ത്തിച്ചവരടക്കം താലിബാനില്‍നിന്ന് ഭീഷണിനേരിടുന്ന നിരവധി അഫ്ഗാന്‍കാര്‍ക്ക് ഇപ്പോഴും രാജ്യം വിടാനായിട്ടില്ല.