തിരുവനന്തപുരം > മുൻ എംഎൽഎ കെ ശിവദാസൻ നായരെയും കെപിസിസി ജനറൽ സെക്രട്ടറി കെ പി അനിൽ കുമാറിനെയും സസ്പെൻഡ് ചെയ്തത് പാർട്ടിക്കെതിരായ രൂക്ഷ പ്രതികരണത്തെ തുടർന്ന്. ഡിസിസി പ്രസിഡന്റുമാരുടെ പട്ടികയ്ക്കെതിരെ ക്ഷോഭത്തോടെയാണ് ഇരുവരും ചാനലുകളിൽ പ്രതികരിച്ചത്. തുടർന്നാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ഇരുവരെയും സസ്പെൻഡ് ചെയ്തതായി അറിയിച്ചത്.
പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെ സുധാകരനുമെതിരെ രൂക്ഷവിമർശനമാണ് കെ പി അനിൽ കുമാർ നടത്തിയത്. പെട്ടി പിടിക്കുന്നവരും നേതാക്കന്മാര്ക്ക് കുട പിടിക്കുന്നവരുമാണ് പട്ടികയിലുള്ളതെന്നും ഗ്രൂപ്പില്ലാത്ത ആരെങ്കിലും പട്ടികയിലുണ്ടെങ്കില്‍ താന്‍ തലമുണ്ഡനം ചെയ്യുമെന്നും അനില്‍ കുമാര്‍ പറഞ്ഞു. പട്ടികയിലെ 14 പേരും ഗ്രൂപ്പുകാരാണ്. ഇത് പുനപരിശോധിച്ചില്ലെങ്കിൽ കേരളത്തിലെ കോൺഗ്രസിൻറെ ഭാവി ഇല്ലാതാകുമെന്നും അനിൽകുമാർ പറഞ്ഞു. പുതിയ പട്ടിക കോൺഗ്രസിന്റെ വാട്ടർ ലൂ ആണ്. പുതിയ നേതൃത്വത്തിനായി ഗ്രൂപ്പ് പരിഗണിക്കില്ല എന്നാണ് സതീശനും സുധാകരനും പറഞ്ഞത്. എന്നാൽ പട്ടികയിലെ 14 പേരും ഗ്രൂപ്പുകാരാണ്. ഗ്രൂപ്പില്ലാത്ത ഒരാളെ കാണിക്കാൻ പറ്റുമോ?. ഇവരെല്ലാം പറയുന്നത് കള്ളമാണ്. സത്യസന്ധതയോ ആത്മാർത്ഥതയോ ഇല്ല. ഡിസിസി പ്രസിഡന്റുമാരെ വെക്കുമ്പോ ഒരു മാനദണ്ഡം വേണ്ടേ. ഇത് ഇഷ്ടക്കാരെ ഇഷ്ടം പോലെ വെക്കുന്ന അവസ്ഥയാണ് – അനിൽ കുമാർ പറഞ്ഞു.
കെപിസിസി പ്രസിഡന്റിന്റെയും പ്രതിപക്ഷനേതാവിന്റെയും നാല് വർക്കിങ് പ്രസിഡന്റുമാരുടെയും ഇഷ്ടക്കാരെ വെക്കുക എന്ന ഒറ്റ ഫോർമുല വച്ചുകൊണ്ട് കേരളത്തിലെ കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കാൻ സാധ്യമല്ല എന്നായിരുന്നു കെ ശിവദാസൻ നായരുടെ പ്രതികരണം.