തിരുവനന്തപുരം > അവസാന നിമിഷവും പൊളിച്ചെഴുത്തുകളോടെ ഡിസിസി പ്രസിഡന്റുമാരുടെ പട്ടിക എഐസിസി പുറത്തുവിട്ടു. ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഗ്രൂപ്പ് സമ്മർദ്ദങ്ങളോടെ മാറ്റം ഉണ്ടായത്. തിരുവനന്തപുരം – പാലോട് രവി, കൊല്ലം – രാജേന്ദ്ര പ്രസാദ്, പത്തനംതിട്ട – പ്രൊഫസര്‍ സതീഷ് കൊച്ചുപറമ്പില്‍, ആലപ്പുഴ – ബാബു പ്രസാദ്, കോട്ടയം – നാട്ടകം സുരേഷ്, ഇടുക്കി – സി പി മാത്യു, എറണാകുളം – മുഹമ്മദ് ഷിയാസ്, തൃശ്ശൂര്‍ – ജോസ് വള്ളൂര്‍, പാലക്കാട് – എ തങ്കപ്പന്, മലപ്പുറം – വി എസ് ജോയ്, കോഴിക്കോട് – കെ പ്രവീണ്‍കുമാര്‍, വയനാട് – എന്‍ ഡി അപ്പച്ചന്, കണ്ണൂര്‍ – മാര്ട്ടിന് ജോര്‍ജ്, കാസര്‍ഗോഡ് – പി കെ ഫൈസല്‍ എന്നിവരാണ് പുതിയ ഡിസിസി പ്രസിഡന്റുമാര്‍.
ഡിസിസി പുനസംഘടനയുമായി ബന്ധപ്പെട്ട് പാര്‍ട്ടി അച്ചടക്കം ലംഘിച്ച് ദൃശ്യമാധ്യമങ്ങളിലൂടെ പരസ്യപ്രതികരണം നടത്തിയ മുന്‍ എംഎല്‍എ കെ ശിവദാസന്‍ നായരെയും മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറി കെ പി അനില്‍കുമാറിനെയും പാര്‍ട്ടിയില്‍ നിന്നും താത്കാലികമായി സസ്പെൻഡ് ചെയ്തതായി കെപിസിസി പ്രസിഡന്റ് കെ സുധാകരന് എംപി അറിയിച്ചു.
പെട്ടി പിടിക്കുന്നവരും നേതാക്കന്മാര്ക്ക് കുട പിടിക്കുന്നവരുമാണ് പട്ടികയിലുള്ളതെന്നും ഗ്രൂപ്പില്ലാത്ത ആരെങ്കിലും പട്ടികയിലുണ്ടെങ്കില്‍ താന്‍ തലമുണ്ഡനം ചെയ്യുമെന്നുമായിരുന്നു അനില്‍ കുമാറിന്റെ പ്രതികരണം. പാര്‍ട്ടിയെ ചിലര്‍ വ്യഭിചരിക്കുകയും തീറെഴുതുകയും ചെയ്യുന്നുവെന്നും ഹൈക്കമാന്‍ഡ് പാര്‍ട്ടി എന്താണെന്ന് പഠിക്കണമെന്നും അനില്‍കുമാര്‍ പറഞ്ഞു. നിലവിലെ പട്ടിക കോണ്‍ഗ്രസിനെ തകര്‍ക്കുമെന്നും അനില്‍ കുമാര്‍ കൂട്ടിച്ചേര്‍ത്തു. കൈരളി ന്യൂസിന്റെ ‘ന്യൂസ് ആൻഡ് വ്യൂവ്സ്’ ചര്‍ച്ചയില്‍ പങ്കെടുക്കവെയാണ് കെ പി അനില്‍ കുമാര്‍ പ്രതികരിച്ചത്.
എ പി ശ്രീകുമാറിനെ ഡിസിസി അധ്യക്ഷനാക്കാനിരുന്ന ആലപ്പുഴയിൽ രമേശ് ചെന്നിത്തലയുടെ സമ്മർദ്ദം മൂലമാണ് ബാബു പ്രസാദ് പട്ടികയിലിടം നേടിയത്. കോട്ടയത്ത് ഫിൽസൺ മാത്യൂസിനായിരുന്നു സാധ്യത. എന്നാൽ ഗ്രൂപ്പിന് ഉള്ളിൽ തന്നെ വ്യാപക എതിർപ്പു വന്നതോടെയാണ് ഉമ്മൻ ചാണ്ടിയുടെ ഇടപെടൽ ഉണ്ടായതും നാട്ടകം സുരേഷിന് തന്നെ നറുക്കുവീണതും. ഇടുക്കിയിൽ നേരത്തെ ഉയർന്നുകേട്ട പേര് അഡ്വ. അശോകന്റേതായിരുന്നു. എന്നാൽ പട്ടികയിൽ പുറത്തു വന്നിരിക്കുന്നത് സി പി മാത്യുവിന്റെ പേരാണ്.