ഇരിട്ടി > കേന്ദ്രസർക്കാർ മാർഗനിർദേശം പുതുക്കിയിട്ടും കേരളത്തിൽനിന്നുള്ള യാത്രക്കാർക്കും ചരക്കുവാഹനങ്ങൾക്കും ഏർപ്പെടുത്തിയ വിലക്ക് പിൻവലിക്കാതെ കർണാടകം കടുംപിടുത്തം തുടരുന്നു. രണ്ട് ഡോസ് വാക്സിൻ എടുത്തവർക്ക് ആർടിപിസിആർ പരിശോധന വേണ്ടെന്നും രാജ്യത്തെവിടെയും യാത്രചെയ്യാമെന്നുമുള്ള കേന്ദ്ര മാർഗനിർദേശം അവഗണിച്ചാണ് കുടക് ജില്ലാ ഭരണാധികാരികൾ മാക്കൂട്ടം ചെക്ക്പോസ്റ്റിൽ യാത്ര വിലക്കുന്നത്.
മാക്കൂട്ടം- ചുരംവഴി കർണാടകത്തിലേക്ക് പോകാൻ ശനിയാഴ്ചയെത്തിയ നൂറുകണക്കിന് യാത്രക്കാരെ മാക്കൂട്ടത്ത് തടഞ്ഞു. രണ്ട് ഡോസ് വാക്സിനെടുത്തവരും ആർടിപിസിആർ നെഗറ്റീവായവരും ചെക്ക്പോസ്റ്റിൽ കുടുങ്ങി. മാക്കൂട്ടം ചുരംവഴി കേരളത്തിലേക്കും തിരികെയുമുള്ള ബസ് സർവീസ് 30 വരെ നിരോധിച്ചിരുന്നു. പുതിയ ഉത്തരവ് വന്നിട്ടും ബസ് സർവീസും അനുവദിക്കുന്നില്ല.
വിമാനയാത്രക്കാർക്ക് ഇളവ്
അത്യാഹിത, മാരക രോഗങ്ങൾക്ക് ചികിത്സയ്ക്ക് പോകുന്നവർക്ക് നിയന്ത്രണങ്ങളിൽ ചെറിയ ഇളവുണ്ട്. ഇവർ മാക്കൂട്ടത്ത് ആന്റിജൻ പരിശോധന നടത്തണം. ബംഗളൂരു വിമാനത്താവളത്തിലേക്കുള്ളവർ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റും വിമാനടിക്കറ്റും കാണിച്ചാൽ അനുമതിയുണ്ട്. പരിക്ഷാർഥികൾക്ക് ഹാൾടിക്കറ്റ് കാണിച്ചാൽ അനുമതിയുണ്ടെങ്കിലും മറ്റു വിദ്യാർഥികൾക്ക് യാത്രനുമതിയില്ല.