കാക്കനാട്> കൗൺസിലർമാർക്ക് തൃക്കാക്കര നഗരസഭാ അധ്യക്ഷ അജിത തങ്കപ്പൻ പണക്കിഴി നൽകിയത് അന്വേഷിക്കുന്ന വിജിലൻസ് സംഘം നഗരസഭാ കാര്യാലയത്തിലെ സിസിടിവി റെക്കോഡർ ഹാക്ക് ചെയ്ത് ദൃശ്യങ്ങൾ പരിശോധനയ്ക്കായി ശേഖരിച്ചു. പണക്കിഴി നൽകിയത് വിവാദമായശേഷം നഗരസഭാ ഓഫീസിലെ സിസിടിവികൾ പ്രവർത്തിക്കാതായി. പണക്കിഴിവിവാദത്തിലെ പ്രധാന തെളിവായി സിസിടിവി ദൃശ്യങ്ങൾ മാറുമെന്നാണ് വിജിലൻസിന്റെ നിഗമനം.
വെള്ളിയാഴ്ച വിജിലൻസ് സംഘം നഗരസഭാ കാര്യാലയത്തിൽ സിസിടിവി ദൃശ്യം എടുക്കാനെത്തിയെങ്കിലും അജിതയുടെ ഓഫീസ് മുറിയും സെർവർ സ്ഥാപിച്ച മുറിയും പൂട്ടിയിരുന്നു. ശനിയാഴ്ച സംഘം സെർവർ റൂം തുറന്ന് റെക്കോഡറിൽനിന്ന് ദൃശ്യങ്ങൾ ഹാക്ക് ചെയ്തെടുത്തു. 11 സിസിടിവി ക്യാമറകളാണ് നഗരസഭാ കാര്യാലയത്തിലുള്ളത്. പണക്കിഴി നൽകൽ വിവാദമായതുമുതൽ ക്യാമറകൾ പ്രവർത്തനരഹിതമായി.
17നാണ് അജിത ഓണക്കോടിയോടൊപ്പം 10,000 രൂപയടങ്ങിയ കവർ കൗൺസിലർമാർക്ക് നൽകിയത്. പിന്നീട് പല കൗൺസിലർമാരും പണം തിരിച്ചേൽപ്പിച്ചു. ഈ സമയത്തെല്ലാം സിസിടിവി പ്രവർത്തിച്ചിരുന്നതായാണ് കരുതുന്നത്. അങ്ങനെയെങ്കിൽ ദൃശ്യങ്ങൾ കേസിന് തെളിവാകും. സിസിടിവി നേരത്തേ പ്രവർത്തനരഹിതമാണോയെന്ന് പരിശോധനയിലേ വ്യക്തമാകൂ. വിവാദത്തെ തുടർന്ന് സിസിടിവി പരിശോധിക്കാൻ അജിത തങ്കപ്പൻ ആവശ്യപ്പെട്ടിരുന്നു.