തിരുവനന്തപുരം> നെൽക്കർഷകരുടെ സംഭരണ, വിപണന പ്രശ്നങ്ങൾ പരിഹരിക്കാൻ കേരള പാഡി പ്രൊക്യുർമെന്റ് പ്രോസസിങ് ആൻഡ് മാർക്കറ്റിങ് സഹകരണ സംഘം (കെഎപിസിഒഎസ്) നിലവിൽ വന്നു. കർഷകരിൽനിന്ന് ന്യായവിലയ്ക്ക് നെല്ല് സംഭരിച്ച് അരിയാക്കി വിപണനം നടത്തുകയാണ് ലക്ഷ്യം. നെല്ല് അരിയാക്കാൻ മില്ലും സ്ഥാപിക്കും. പാലക്കാട് ഒഴികെയുള്ള 13 ജില്ല സംഘത്തിന്റെ പ്രവർത്തനപരിധിയിലാണ്. പാലക്കാട്ട് സമാന സഹകരണസംഘം നിലവി ലുണ്ട്.
കുട്ടനാട്ടിലും അപ്പർ കുട്ടനാട്ടിലുമാണ് റൈസ് മില്ലുകൾ സ്ഥാപിക്കുക. സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവയ്ക്കും ഓൺലൈൻ വഴിയും അരി വിൽക്കും. നെൽക്കൃഷി വ്യാപിപ്പിക്കാനുള്ള പദ്ധതികളും നടപ്പാക്കും.
സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായാണ് നെൽ കർഷക സംഘം രൂപീകരിച്ചത്. കോട്ടയമാണ് ആസ്ഥാനം. ജില്ലയിലെ 26 പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങൾ അംഗങ്ങളായ കെഎപിസിഒഎസിന്റെ ഓഹരി മൂലധനം 310 കോടി രൂപയാണ്.
കാർഷികമേഖലയിൽ വലിയ മാറ്റത്തിന് പുതിയ സഹകരണ സംഘം വഴിയൊരുക്കുമെന്ന് സഹകരണമന്ത്രി വി എൻ വാസവൻ പറഞ്ഞു. ഇടനിലക്കാരുടെ ചൂഷണമില്ലാതെ നെല്ലിന് ന്യായവില ലഭ്യമാക്കാൻ സഹകരണ സംഘത്തിന് കഴിയും. കോട്ടയം സർക്കിൾ സഹകരണ യൂണിയൻ ചെയർമാനും പാമ്പാടി സഹകരണ ബാങ്ക് പ്രതിനിധിയുമായ കെ എം രാധാകൃഷ്ണനാണ് സംഘത്തിന്റെ ചീഫ് പ്രൊമോട്ടർ.