വി ഡി സതീശനും കെ സുധാകരനും എതിരായി രൂക്ഷ വിമർശനമാണ് നടത്തിയത്. ഗ്രൂപ്പ് പരിഗണിക്കില്ലെന്നാണ് സതീശനും സുധാകരനും പറഞ്ഞത്. എന്നാൽ പുറത്തുവന്ന പട്ടികയിലെ 14 പേരും ഗ്രൂപ്പുകാരാണെന്നും പുനഃപരിശോധിച്ചില്ലെങ്കിൽ കേരളത്തിലെ കോൺഗ്രസിന്റെ ഭാവി ഇല്ലാതാകുമെന്നും അദ്ദേഹം പറഞ്ഞു. ഡിസിസി പ്രസിഡന്റുമാരെ വെക്കുമ്പോൾ ഒരു മാനദണ്ഡം വേണ്ടേ? ഇത് ഇഷ്ടക്കാരെ ഇഷ്ടം പോലെ വെക്കുന്ന അവസ്ഥയാണെന്നും കെ പി അനിൽ കുമാർ പറഞ്ഞു.
കെ പി അനിൽ കുമാറിനെ പിന്തുണയ്ക്കുന്ന അഭിപ്രായം ആയിരുന്നു കെ ശിവദാസൻ നായരുടേത്. കെപിസിസി പ്രസിഡന്റിന്റെയും പ്രതിപക്ഷ നേതാവിന്റെയും നാല് വർക്കിങ് പ്രസിഡന്റുമാരുടേയും ഇഷ്ടക്കാരെ വെച്ചുകൊണ്ട് കേരളത്തിലെ കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കാൻ സാധിക്കില്ലെന്നായിരുന്നു ശിവദാസൻ നായർ പറഞ്ഞത്. അച്ചടക്ക നടപടി ഉണ്ടായതിനു പിന്നാലെ താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു.
അതേസമയം, സംസ്ഥാനത്ത് കോൺഗ്രസ് ഡിസിസി അധ്യക്ഷന്മാരുടെ അന്തിമ പട്ടികയായി. നിരവധി തർക്കങ്ങൾക്കൊടുവിലാണ് പട്ടികയ്ക്ക് കോൺഗ്രസ് പ്രസിഡന്റ് അംഗീകാരം നൽകിയത്. കെപിസിസി നേതൃത്വം നൽകിയ പട്ടികയിൽ അവസാനഘട്ടത്തിൽ മാറ്റം വന്നിട്ടുണ്ട്. ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകളിലേക്ക് നേതൃത്വം കൈമാറിയ പട്ടികയിൽ ഉണ്ടായിരുന്നവരെ ഒഴിവാക്കിയാണ് പുതിയ പേരുകൾ ഉൾപ്പെടുത്തിയത്.
കാസര്‍ഗോഡ് – പി കെ ഫൈസല്‍, കണ്ണൂർ- മാര്ട്ടിന് ജോര്‍ജ്, വയനാട്-എന്‍ ഡി അപ്പച്ചന്, കോഴിക്കോട് – കെ പ്രവീണ്‍കുമാര്‍, മലപ്പുറം- വി എസ് ജോയ്, പാലക്കാട് -എ തങ്കപ്പന്, തൃശ്ശൂര്‍- ജോസ് വള്ളൂര്‍, എറണാകുളം- മുഹമ്മദ് ഷിയാസ്, ഇടുക്കി- സി പി മാത്യു, കോട്ടയം- നാട്ടകം സുരേഷ്, ആലപ്പുഴ – ബാബു പ്രസാദ്, പത്തനംതിട്ട – പ്രൊഫസര്‍ സതീഷ് കൊച്ചുപറമ്പില്‍, കൊല്ലം – രാജേന്ദ്ര പ്രസാദ്, തിരുവനന്തപുരം-പാലോട് രവി, എന്നിവരാണ് പുതിയ ഡിസിസി പ്രസിഡന്റുമാർ.
പട്ടികയിൽ സാമുദായിക പ്രാതിനിധ്യം നോക്കി ചില മാറ്റങ്ങൾ വരുത്തിയതാണെന്ന് എഐസിസി വ്യക്തമാക്കുന്നു. ഇത് ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള വീതംവെയ്ക്കൽ അല്ലെന്നും രമേശ് ചെന്നിത്തലയുടേയും ഉമ്മൻ ചാണ്ടിയുടേയും ജില്ലകളിൽ അവരുടെ നിലപാട് പരിഗണിച്ചിട്ടുണ്ടെന്നും എഐസിസി വ്യക്തമാക്കി.
ആലപ്പുഴയിൽ കെ പി ശ്രീകുമാറിനു പകരം രമേശ് ചെന്നിത്തല നിർദ്ദേശിച്ച ബി ബാബു പ്രസാദാണ് പ്രസിഡന്റ്. കോട്ടയത്ത് ഫിൽസൺ മാത്യൂസിന് പകരം നാട്ടകം സുരേഷും ഇടുക്കിയിൽ എസ് അശോകന് പകരം സിപി മാത്യുവും പ്രസിഡന്റായി പ്രഖ്യാപിക്കപ്പെട്ടു.