തിരുവനന്തപുരം: സംസ്ഥാനത്ത് രോഗലക്ഷണങ്ങൾ കാണിക്കുന്ന എല്ലാവരേയും ആർ.ടി.പി.സി.ആർ ടെസ്റ്റുകൾക്ക് വിധേയമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
18 വയസ്സിനു മുകളിലുള്ളവരിൽ 80 ശതമാനത്തിലധികം പേർക്ക് ആദ്യത്തെ ഡോസ് വാക്സിനേഷൻ ലഭിച്ച ജില്ലകളിൽ സെന്റിനൈൽ സർവൈലൻസിന്റെ ഭാഗമായി 1000 സാമ്പിളുകളിൽ ടെസ്റ്റ് നടത്തും. 80 ശതമാനത്തിനു താഴെ ആദ്യത്തെ ഡോസ് ലഭിച്ച ജില്ലകളിൽ 1500 സാമ്പിളുകളിലായിരിക്കും ടെസ്റ്റ് നടത്തുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.
രണ്ടു ഡോസ് വാക്സിൻ എടുത്തവരിൽ രോഗലക്ഷണങ്ങൾ കാണിക്കാത്തവർക്കും ഒരു മാസത്തിനുള്ളിൽ കോവിഡ് പോസിറ്റീവായവർക്കും ടെസ്റ്റുകൾ ആവശ്യമില്ല.
12 മണിക്കൂറിനുള്ളിൽ ടെസ്റ്റ് റിസൾട്ട് നെഗറ്റീവാണെങ്കിലും പോസിറ്റീവ് ആണെങ്കിലും റിപ്പോർട്ട് ചെയ്യാത്ത ലബോറട്ടറികളുടെ ലൈസൻസ് റദ്ദാക്കും.ഓരോ ലാബിലും ഉപയോഗിക്കുന്ന ആന്റിജൻ, ആർ.ടി.പി.സി.ആർ ടെസ്റ്റ് കിറ്റുകൾ ജില്ലാ അതോറിറ്റികൾ പരിശോധിക്കും. നിലവാരമില്ലാത്ത കിറ്റുകൾ ഉപയോഗിക്കുന്ന ലബോറട്ടറികളുടെ ലൈസൻസ് റദ്ദാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.