തിരുവനന്തപുരം; നമ്മുടെ നാടിനെതിരെ ചില കേന്ദ്രങ്ങൾ ആസൂത്രിതമായി നടത്തുന്ന ദുഷ്പ്രചാരണങ്ങളെ കുറിച്ച് ഇപ്പോൾകൂടുതൽ പ്രതികരിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് അവലോകന യോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് പ്രതിരോധ വിഷയത്തിൽ സർക്കാരിനെതിരെ വിമർശനമുയർന്ന സാഹചര്യത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
കോവിഡ് രണ്ടാം തരംഗം അതിശക്തമായി ആഞ്ഞടിച്ചിട്ടുംചികിത്സാസംവിധാനങ്ങളെ ശാക്തീകരിച്ചതിനാലും നമ്മുടെ ആരോഗ്യസംവിധാനങ്ങൾക്ക് ഉൾക്കൊള്ളാൻ കഴിയുന്ന വിധത്തിൽ തരംഗത്തെ പിടിച്ചു നിർത്തിയതിനാലും മരണ നിരക്ക് രാജ്യത്ത് തന്നെ ഏറ്റവും മികച്ച രീതിയിൽ കുറച്ചു നിർത്താൻ നമുക്ക് സാധിച്ചു.
ഓക്സിജൻ ലഭ്യമാകാതെ, ചികിത്സാ സൗകര്യങ്ങൾ ഇല്ലാതെ രോഗികളുമായി അലയേണ്ടി വരുന്ന അവസ്ഥ ഇവിടെ ആർക്കുമുണ്ടായില്ല. ഉറ്റവരുടെ മൃതദേഹങ്ങളുമായി ശ്മാശനങ്ങൾക്കു മുന്നിൽ ആളുകൾ വരി നിൽക്കുന്ന കാഴ്ച നമ്മുടെ നാട്ടിൽ കാണേണ്ടി വന്നിട്ടില്ല. നിവൃത്തിയില്ലാതെ മൃതദേഹങ്ങൾ നദികളിൽ ഒഴുക്കിക്കളയേണ്ട ഗതികേട് ഇവിടെ ആർക്കും ഉണ്ടായിട്ടില്ല.
എത്രയൊക്കെ ദുഷ്പ്രചരണങ്ങൾ നടത്തിയാലും ആർക്കും മായ്ച്ചു കളയാനാകാത്ത യാഥാർഥ്യമായി അക്കാര്യങ്ങൾ ജനങ്ങളുടെ മുൻപിലുണ്ട്. അതീ നാടിന്റെ അനുഭവമാണ്. ജനങ്ങളുടെ ഒന്നിച്ചുള്ള പോരാട്ടത്തിന്റെ ഫലമാണ്. ആ വ്യത്യാസം ഈ ലോകം കണ്ടറിഞ്ഞതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: cm pinarayi vijayan aganist fake reports aganist government on covid