കൊച്ചി > നയതന്ത്രബാഗേജിലെ സ്വർണക്കടത്തിന് ചുക്കാൻപിടിച്ച യുഎഇ കോൺസുലേറ്റിലെ മുൻ കോൺസുൽ ജനറൽ, അഡ്മിൻ അറ്റാഷെ എന്നിവർക്ക് കസ്റ്റംസിന്റെ കാരണം കാണിക്കൽ നോട്ടീസ്. വിദേശമന്ത്രാലയം വഴി മുൻ കോൺസുൽ ജനറൽ ജമാൽ ഹുസൈൻ അൽ സാബി, മുൻ അറ്റാഷെ റാഷീദ് ഖാമീസി എന്നിവർക്ക് നോട്ടീസ് കൈമാറി. കോൺസുലേറ്റ് വഴി ഈന്തപ്പഴവും മതഗ്രന്ഥവും എത്തിച്ച് വിതരണം ചെയ്ത സംഭവത്തിലും നോട്ടീസ് നൽകാനുള്ള തയ്യാറെടുപ്പിലാണ് കസ്റ്റംസ്.
സ്വർണക്കടത്തിൽ ഇരുവർക്കും പ്രധാന പങ്കുള്ളതായി കേസിൽ അറസ്റ്റിലായ പ്രധാന പ്രതികളുടെ മൊഴിയുണ്ടായിരുന്നു. ഇവരെ ചോദ്യംചെയ്യാൻ അന്വേഷണ ഏജൻസികൾ കേന്ദ്രസർക്കാരിന്റെ അനുമതി തേടിയെങ്കിലും ലഭിച്ചില്ല. 95 കിലോ സ്വർണം കടത്തിയത് കോൺസുൽ ജനറലിന്റെയും 71 കിലോ സ്വർണം കടത്തിയത് അറ്റാഷെയുടെയും അറിവോടെയാണെന്നാണ് കസ്റ്റംസ് കണ്ടെത്തൽ. കോൺസുൽ ജനറൽ സ്വന്തം നിലയിൽ സ്വർണം കടത്തിയിരുന്നതായി ഒന്നാംപ്രതി പി എസ് സരിത് മൊഴിനൽകിയിരുന്നു. യുഎഇയിൽനിന്ന് സ്ത്രീകൾ മുഖേന ബാഗേജുകൾ കൊണ്ടുവരുന്നത് പതിവായിരുന്നെന്നും അതിൽ ഒന്നോ രണ്ടോ ബാഗുകൾ സ്ത്രീകൾ നേരിട്ട് കോൺസുൽ ജനറലിനെ ഏൽപ്പിച്ചിരുന്നെന്നുമാണ് മൊഴി. ഭാരമേറിയ ബാഗുകൾ കൈകാര്യം ചെയ്യാൻ മറ്റാരെയും അനുവദിച്ചിരുന്നില്ല. സ്ത്രീകൾ കൊണ്ടുവരുന്ന ബാഗേജുകൾ വിമാനത്താവളത്തിൽനിന്ന് വിട്ടുകിട്ടാൻ വൈകിയതിന് കോൺസുൽ ജനറൽ തന്നോട് തട്ടിക്കയറിയതായും സരിത്തിന്റെ മൊഴിയുണ്ട്. ബാഗുകളിൽ ഭക്ഷണസാധനങ്ങളാണെന്നാണ് കോൺസുൽ ജനറൽ പറഞ്ഞിരുന്നത്.
സ്വർണക്കടത്തിന് 1000 ഡോളർവീതം കോൺസുൽ ജനറലിന് നൽകിയിരുന്നു. ഇടപാടുകൾ പുറത്തുപറയാതിരിക്കാനും പിടിച്ചാൽ കോൺസുൽ ജനറലിന്റെ പങ്ക് പറയാതിരിക്കാനുമാണ് ചെറിയ തുക അദ്ദേഹം സമ്മതിച്ചതെന്നാണ് പ്രതികളുടെ മൊഴി. കോൺസുൽ ജനറലും അറ്റാഷെയും തിരുവനന്തപുരത്തെത്തിയത് ശിക്ഷാനടപടിയുടെ ഭാഗമായാണെന്ന് സരിത്തിന്റെ മൊഴിയുണ്ട്. മുമ്പ് വിയറ്റ്നാമിൽ ജോലി ചെയ്യുമ്പോൾ ഇരുവരെയും കള്ളക്കടത്തിന് പിടികൂടിയിരുന്നു. യുഎഇയിൽനിന്ന് വിലകൂടിയ സിഗററ്റ് എത്തിച്ച് വിറ്റതിനാണ് പിടിയിലായത്. തിരുവനന്തപുരത്തായിരിക്കെ ബീമാപള്ളിയിൽ ഇത്തരം സാധനങ്ങൾ കോൺസുലേറ്റിൽനിന്ന് എത്തിച്ചിരുന്നു.
റാസൽഖൈമയിൽ കോൺസുൽ ജനറൽ വീട് നിർമിച്ചിരുന്നു. കരാറുകാരനായ ഈജിപ്ഷ്യൻ പൗരൻ പണവുമായി കടന്നെന്നും അതിനുശേഷം പണസമ്പാദനത്തിന് ഏതുമാർഗവും നോക്കിയിരുന്നതായും കോൺസുൽ ജനറൽ പറഞ്ഞതായി സരിത് വെളിപ്പെടുത്തി. ഇരുവരെയും കേസിൽ പ്രതിചേർക്കാത്തതിനെക്കുറിച്ച് കോടതികൾ പലവട്ടം ചോദ്യമുന്നയിച്ചിരുന്നു. സ്വർണക്കടത്ത്, ഡോളർകടത്ത് ഉൾപ്പെടെ കേസുകളിൽ നേരിട്ട് പങ്കുള്ള യുഎഇ കോൺസുലേറ്റിലെ വിദേശപൗരന്മാരെല്ലാം തുടക്കത്തിൽത്തന്നെ രാജ്യം വിട്ടുപോയിരുന്നു.