ആലപ്പുഴയിൽ കെ പി ശ്രീകുമാറിനു പകരം രമേശ് ചെന്നിത്തല നിർദ്ദേശിച്ച ബി ബാബു പ്രസാദാണ് പ്രസിഡന്റ്. കോട്ടയത്ത് ഫിൽസൺ മാത്യൂസിന് പകരം നാട്ടകം സുരേഷും ഇടുക്കിയിൽ എസ് അശോകന് പകരം സിപി മാത്യുവും പ്രസിഡന്റായി പ്രഖ്യാപിക്കപ്പെട്ടു.
പുതിയ പ്രസിഡന്റുമാർ
കാസര്‍ഗോഡ് – പി കെ ഫൈസല്‍, കണ്ണൂർ- മാര്ട്ടിന് ജോര്‍ജ്, വയനാട്-എന്‍ ഡി അപ്പച്ചന്, കോഴിക്കോട് – കെ പ്രവീണ്‍കുമാര്‍, മലപ്പുറം- വി എസ് ജോയ്, പാലക്കാട് -എ തങ്കപ്പന്, തൃശ്ശൂര്‍- ജോസ് വള്ളൂര്‍, എറണാകുളം- മുഹമ്മദ് ഷിയാസ്, ഇടുക്കി- സി പി മാത്യു, കോട്ടയം- നാട്ടകം സുരേഷ്, ആലപ്പുഴ – ബാബു പ്രസാദ്, പത്തനംതിട്ട – പ്രൊഫസര്‍ സതീഷ് കൊച്ചുപറമ്പില്‍, കൊല്ലം – രാജേന്ദ്ര പ്രസാദ്, തിരുവനന്തപുരം-പാലോട് രവി, എന്നിവരാണ് പുതിയ ഡിസിസി പ്രസിഡന്റുമാർ.
പട്ടികയിൽ സാമുദായിക പ്രാതിനിധ്യം നോക്കി ചില മാറ്റങ്ങൾ വരുത്തിയതാണെന്ന് എഐസിസി വ്യക്തമാക്കുന്നു. ഇത് ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള വീതംവെയ്ക്കൽ അല്ലെന്നും രമേശ് ചെന്നിത്തലയുടേയും ഉമ്മൻ ചാണ്ടിയുടേയും ജില്ലകളിൽ അവരുടെ നിലപാട് പരിഗണിച്ചിട്ടുണ്ടെന്നും എഐസിസി വ്യക്തമാക്കി.
അന്തിമ പട്ടിക കൈമാറിയിട്ടും പ്രതിഷേധം
ഡിസിസി പ്രസിഡന്റുമാരുടെ അന്തിമ പട്ടിക കൈമാറിയിട്ടും പ്രതിഷേധം ഉയർന്നിരുന്നു. തിരുവനന്തപുരത്ത് ശബരീനാഥിനും പാലാക്കാട് വിടി ബൽറാമിനായും സമ്മർദ്ദം ഉണ്ടായതായാണ് റിപ്പോർട്ട്. പ്രസിഡന്റ് കെ സുധാകരൻ പട്ടിക കൈമാറി ദിവസങ്ങൾ കഴിഞ്ഞിട്ടും പുനഃസംഘടനയ്ക്കെതിരെ കനത്ത പരാതിയാണ് ഉയർന്നത്. സംസ്ഥാന നേതൃത്വം പുതിയ ഗ്രൂപ്പുണ്ടാക്കാൻ ശ്രമിക്കുന്നെന്ന ആക്ഷേപവും ഉയർന്നു. കെ സുധാകരനേയും വിഡി സതീശനേയും പിന്തുണയ്ക്കുന്നവരെ മാത്രം ഉൾപ്പെടുത്തിയാണ് പട്ടിക തയ്യാറാക്കിയതെന്നായിരുന്നു ആക്ഷേപം.
രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി, വി എം സുധീരൻ എന്നിവരും പരാതിയുമായി ഹൈക്കമാന്റിനെ സമീപിച്ചിരുന്നു. കൂടിയാലോചനകൾ ഇല്ലാതെ പട്ടിക തയ്യാറാക്കിയെന്നാണ് പരാതി. ദളിത് വിഭാഗത്തെ അവഗണിച്ചതിനെതിരെയും പട്ടികയിൽ വനിതാ പ്രാതിനിധ്യം ഇല്ലാത്തതിനെതിരെയും പ്രതിഷേധം ഉയർന്നു.
പാലോട് രവി അന്തിമ പട്ടികയിൽ ഉൾപ്പെട്ടതിനു പിന്നാലെ പ്രാദേശിക നേതാക്കൾ കടുത്ത എതിർപ്പാണ് ഉയർത്തിയത്. കെപിസിസി ആസ്ഥാനത്തിനു മുന്നിൽ രവിക്കെതിരെ പോസ്റ്റർ പതിച്ചായിരുന്നു പ്രവർത്തകർ പ്രതിഷേധം അറിയിച്ചത്. രവി ബിജെപി അനുഭാവി ആണെന്നായിരുന്നു പോസ്റ്ററിലെ പറഞ്ഞിരുന്നത്. ഔദ്യോഗിക സ്ഥാനാർത്ഥിയെ തോൽപ്പിച്ചതാണോ രവിയുടെ യോഗ്യത എന്നും പോസ്റ്ററിൽ ചോദ്യം ഉയർന്നു. പാലോട് രവിക്കെതിരെ വിമർശനം ഉന്നയിച്ചതിന് പിന്നാലെ സസ്പെൻഷനിലായ പിഎസ് പ്രശാന്ത് തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറിനെ ഫോണിൽ വിളിച്ചെന്ന് മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്തു.