കൊച്ചി > കാക്കനാട്ടെ ഫ്ലാറ്റിൽനിന്ന് എംഡിഎംഎ പിടിച്ച കേസിൽ നേരത്തെ വിട്ടയച്ച യുവതിയെ എക്സൈസ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. പ്രതിചേർക്കാതെ ഒഴിവാക്കിയ തിരുവല്ല കരിഞ്ഞാലിക്കുളം വീട്ടിൽ ത്വയ്ബ ഔലാദിനെയാണ് (24) അറസ്റ്റ് ചെയ്തത്. ശനിയാഴ്ച രാവിലെ ചോദ്യംചെയ്യാനായി ത്വയ്ബയെ കൊച്ചിയിലെ എക്സൈസ് ഓഫീസിലേക്ക് വിളിച്ചുവരുത്തിയിരുന്നു.
മണിക്കൂറുകൾ നീണ്ട ചോദ്യംചെയ്യലിന് ഒടുവിലാണ് അറസ്റ്റ്. നേരത്തെ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് പിടികൂടിയ സംഘത്തിൽ യുവതിയും ഉൾപ്പെട്ടിരുന്നു. എന്നാൽ, എറണാകുളം റേഞ്ച് ഓഫീസിൽ കേസ് രജിസ്റ്റർ ചെയ്തപ്പോൾ മതിയായ തെളിവില്ലാത്തതിന്റെ അടിസ്ഥാനത്തിൽ ഇവരെ ഒഴിവാക്കിയിരുന്നു. റെയ്ഡിനിടെ ലഹരിമരുന്ന് ഒളിപ്പിക്കാൻ ത്വയ്ബയും നേരത്തെ പിടിയിലായ ശബ്നയും ശ്രമിച്ചിരുന്നതായും എക്സൈസ് ഉദ്യോഗസ്ഥർപറഞ്ഞു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പിന്നീട് ലഭിച്ചു. പിടിയിലായ പ്രതികളുടെ മൊഴികളിലും ഇവരുടെ പങ്ക് വ്യക്തമാക്കിയിരുന്നു. ത്വയ്ബയെ കാക്കനാട് ഫ്ലാറ്റിലെത്തിച്ച് തെളിവെടുപ്പ് നടത്തും.
നേരത്തെ ഇവർക്കൊപ്പം വിട്ടയച്ചയാളെ ചോദ്യംചെയ്യും. ചെന്നൈയിൽനിന്ന് എംഡിഎംഎ ലഹരിമരുന്ന് എത്തിച്ച സംഘത്തിൽ ഉൾപ്പെട്ടതായി ഇവർ സമ്മതിച്ചതായും എക്സൈസ് വ്യക്തമാക്കി. നായകൾക്ക് നൽകുന്ന തീറ്റയുടെ കവറിൽ ഒളിപ്പിച്ചാണ് ലഹരിമരുന്ന് കടത്തിയിരുന്നത്. മൂന്നുമാസംമുമ്പാണ് കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തനം തുടങ്ങിയത്. ഫ്ലാറ്റിൽനിന്ന് പിടിച്ചെടുത്ത മാൻകൊമ്പ് വയനാട്ടിലെ റിസോർട്ടിൽനിന്ന് എടുത്തതാണെന്നും പ്രതികൾ വെളിപ്പെടുത്തി. ചോദ്യംചെയ്യലിനുശേഷം പ്രതികളെ ചെന്നൈ, പോണ്ടിച്ചേരി, വയനാട് വൈത്തിരി എന്നിവിടങ്ങളിൽ എത്തിച്ച് തെളിവെടുപ്പു നടത്തും. ഇവർക്ക് എറണാകുളത്ത് സഹായം ചെയ്തവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.