തിരുവനന്തപുരം > മുഖ്യമന്ത്രി പിണറായി വിജയനെയും കുടുംബത്തെയും അധിക്ഷേപിച്ച കോണ്‍ഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷിന്റെ പ്രസ്താവനക്കെതിരെ മന്ത്രി കെ രാധാകൃഷ്ണന്. കാലഘട്ടത്തിന് ചേരാത്ത പ്രസ്താവനയാണ് കൊടിക്കുന്നില്‍ നടത്തിയതെന്ന് മന്ത്രി പറഞ്ഞു. ആ പ്രസ്താവന കൊടിക്കുന്നിലിന്റെ സ്ഥാനത്തിനും വലിപ്പത്തിനും അനുയോജ്യമാണോയെന്ന് അദ്ദേഹം തന്നെ പരിശോധിക്കട്ടെ. ഏതൊരു മനുഷ്യനും സ്വതന്ത്രമായി ജീവിക്കാനുള്ള അവകാശം ഇന്ത്യയിലുണ്ട്. ആര് ആരെ വിവാഹം കഴിക്കണമെന്നതൊക്കെ തീരുമാനിക്കാനുള്ള അവകാശം അവരവര്‍ക്കാണുള്ളതെന്നും മന്ത്രി പറഞ്ഞു. നവോത്ഥാന നായകനാണെങ്കില്‍ മുഖ്യമന്ത്രി മകളെ പട്ടികജാതിക്കാരന് കെട്ടിച്ചുകൊടുക്കണമായിരുന്നുവെന്നും, ദേവസ്വം മന്ത്രിയെ നിയന്ത്രിക്കാന്‍ മുഖ്യമന്ത്രി മറ്റൊരാളെ ചുമതലപ്പെടുത്തിയെന്നുമാണ് കൊടിക്കുന്നില്‍ പറഞ്ഞത്.
മുഖ്യമന്ത്രി മകളെ പട്ടികജാതിക്കാരന് വിവാഹം ചെയ്ത് കൊടുക്കണമെന്ന് പറയുന്നത് പരിഷ്കൃത സമൂഹത്തില്‍ ചേര്‍ന്ന അഭിപ്രായമല്ലെന്ന് മന്ത്രി പ്രതികരിച്ചു. സ്ത്രീകളോടുള്ള അവേഹളനമാണിത്. ഓരോ സ്ത്രീയ്ക്കും അവര്‍ക്ക് ഇഷ്ടമുളളയാളെ വിവാഹം ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ട്. സ്ത്രീകളെ കെട്ടിച്ചുവിടേണ്ടതാണ് എന്ന പ്രസ്താവന തന്നെ ഈ കാലഘട്ടത്തില്‍ ശരിയല്ല.
‘എന്റെ കാര്യം നോക്കാന്‍ എന്റെ പാര്‍ടിക്ക് നല്ലപോലെ അറിയാം. 1996ല്‍ വളരെ ചെറുപ്പത്തില്‍ തന്നെ പാര്‍ടി എന്നെ മന്ത്രിയാക്കി. 2006-11 ല്‍ നിയമസഭാ സ്പീക്കറുമായി. അപ്പോള്‍ എങ്ങനെയാണ് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതെന്ന് എല്ലാവര്ക്കും അറിയാം. അതിന് കൊടിക്കുന്നിലിന്റെ പ്രത്യേക സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല’- തനിക്കെതിരായ കൊടിക്കുന്നിലിന്റെ ആരോപണത്തിന് മന്ത്രി മറുപടി പറഞ്ഞു.
ഇടതുപക്ഷ സര്‍ക്കാരുകള്‍ അധികാരത്തിലെത്തിയപ്പോഴാണ് പാര്‍ശ്വവത്കരിക്കപ്പെട്ട ജനതയുടെ ക്ഷേമത്തിനായി പ്രവര്‍ത്തനങ്ങള്‍ ചെയ്തത്. ജനങ്ങള്‍ക്കുവേണ്ടി നന്മ ചെയ്തതിനാലാണ് ജനങ്ങള്‍ വീണ്ടും എല്‍ഡിഎഫിനെ അധികാരത്തിലെത്തിച്ചത്. 16 എസ്സി- എസ്ടി മണ്ഡലങ്ങളില്‍ 14ലും എല്‍ഡിഎഫ് മികച്ച ഭൂരിപക്ഷത്തോടെ ജയിച്ചതും ഇതുകൊണ്ടൊക്കെയാണ്.- കെ രാധാകൃഷ്ണന് പറഞ്ഞു.