തിരുവനന്തപുരം: കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി ഷിബു ബേബി ജോൺ. കഴിഞ്ഞ തിരഞ്ഞെടുപ്പിലെ പരാജയത്തിൽ നിന്നും കോൺഗ്രസ് എന്തെങ്കിലും പാഠം പഠിച്ചതായി തനിക്ക് തോന്നുന്നില്ലെന്ന് ഷിബു ബേബി ജോൺ പറഞ്ഞു. ഇന്നത്തെ തലമുറ ഏറ്റവും അവജ്ഞയോടെ കാണുന്നത് തമ്മിലടിയാണ്. തമ്മിൽതല്ലുന്നവരെ ഇന്നത്തെ തലമുറയ്ക്ക് ഇഷ്ടമല്ല എന്നുള്ളതാണ് തിരഞ്ഞെടുപ്പ് പരാജയത്തിന്റെ മൂലകാരണമെന്നും അദ്ദേഹം പറഞ്ഞു. ഇത്രയും കാലം കഴിഞ്ഞിട്ടും ആ തമ്മിൽ തല്ലുന്നവരെ തന്നെ വീണ്ടും കാണുന്നത് ജനവിധി ഉൾക്കൊള്ളാൻ കോൺഗ്രസ് തയ്യാറാകുന്നില്ല എന്നുള്ള ഓർമ്മപ്പെടുത്തലാണെന്ന് ഷിബു ബേബി ജോൺ കുറ്റപ്പെടുത്തി.
പിണറായി വിജയൻ ഏകാധിപതിയാണെന്ന് പറയുമ്പോഴും 21 വയസ്സായ ഒരാളെ മേയറാക്കിയ പാർട്ടിയാണ് സിപിഎം എന്ന് ഷിബു ബേബി ജോൺ ചൂണ്ടിക്കാട്ടി. അതേസമയം കോൺഗ്രസിൽ ഗ്രൂപ്പുകൾ റിസർച്ച് നടത്തി എഴുപത്തഞ്ചും എൺപതും വയസ്സുള്ളവരെയാണ് പാർട്ടിയെ നയിക്കാൻ കൊണ്ടുവരുന്നതെന്ന് പരിഹാസരൂപേണ അദ്ദേഹം വിമർശിച്ചു. ഇതല്ല ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും ഇത് കോൺഗ്രസിനെ ഓർമ്മിപ്പിക്കാൻ തന്നെപ്പോലുള്ളവർ നിർബന്ധിതരായിരിക്കുന്നുവെന്നും ഷിബു ബേബി ജോൺ പറഞ്ഞു. ഡിസിസി അധ്യക്ഷന്മാരെ തിരഞ്ഞെടുക്കുന്നതിൽ കോൺഗ്രസിൽ ഭിന്നത രൂക്ഷമായിരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഷിബു ബേബി ജോണിന്റെ വിമർശനം.
Content highlights: Shibu baby john lashes out at congress