തിരുവനന്തപുരം > മുഖ്യമന്ത്രി പിണറായി വിജയനെയും കുടുംബത്തെയും അധിക്ഷേപിച്ച കോണ്ഗ്രസ് നേതാവ് കൊടുക്കുന്നില് സുരേഷിന്റേത് അപരിഷ്കൃതമായ പ്രതികരണമാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹിം. ആരെ വിവാഹം കഴിക്കണമെന്നത് വ്യക്തികളുടെ തീരുമാനമാണ്. ദളിതനായതിനാല് കെപിസിസി അധ്യക്ഷനാക്കിയില്ലെന്ന് പരാതിപ്പെട്ടയാളാണ് കൊടിക്കുന്നില്. കേരളത്തെ പുറകോട്ടടിപ്പിക്കുന്ന പ്രതികരണമാണ് കോണ്ഗ്രസ് നേതാവില് നിന്നുണ്ടായതെന്നും റഹിം വാര്ത്താസമ്മേളനത്തില് പറഞ്ഞു. നവോത്ഥാന നായകനാണെങ്കില് മുഖ്യമന്ത്രി തന്റെ മകളെ ദളിതന് കെട്ടിച്ചുകൊടുക്കണമെന്നായിരുന്നു കൊടിക്കുന്നില് പറഞ്ഞത്.
കടുത്ത സ്ത്രീവിരുദ്ധതയുള്ളതും, വ്യക്തിസ്വാതന്ത്ര്യത്തെ സംബന്ധിച്ച നൂതനകാലത്തിന്റെ അഭിപ്രായത്തോട് തീരെ ചേര്ന്നുപോകാത്തതുമാണ് കൊടുക്കുന്നിലിന്റെ പ്രതികരണമെന്നും റഹിം പറഞ്ഞു. പ്രായപൂര്ത്തിയായവര് ആരെ വിവാഹം കഴിക്കണമെന്നും ആരൊക്കെയുമായി ബന്ധം സ്ഥാപിക്കണമെന്നതുമൊക്കെ സംബന്ധിച്ച ആധുനിക കാലത്തെ ചിന്തയുമായി ചേര്ന്ന് വരുന്നതല്ല കൊടുക്കുന്നിലിന്റെ അഭിപ്രായം. കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് താന് തഴയപ്പെട്ടത് ദളിതനായതിനാലാണെന്ന് പറഞ്ഞയാളാണ് കൊടിക്കുന്നില്. നവോത്ഥാന നായകര് നടത്തിയ പോരാട്ടം കേരളത്തിലെ അക്കാലത്തെ സാമൂഹ്യ സാഹചര്യങ്ങള്ക്കെതിരെയുള്ളതായിരുന്നു. അതേ സാഹചര്യമാണ് ഇന്നും ഇന്ത്യയിലെ ഇതര ഭാഗങ്ങളില് തുടരുന്നതെന്ന് കൊടിക്കുന്നില് ഓര്ക്കണം. സാമൂഹ്യ പിന്നോക്കാവസ്ഥയിലുള്ള സംസ്ഥാനങ്ങളൊക്കെയും കോണ്ഗ്രസ് ഭരിച്ചതാണ്. പുതിയ കാലത്തിന്റെ അഭിപ്രായങ്ങളോട് ചേര്ന്നുപോകാത്ത ചിന്തയാണ് കോണ്ഗ്രസിനെ നയിക്കുന്നവര്ക്കുള്ളതെന്നും റഹിം പറഞ്ഞു.