-ടോക്യോ
പാരാലിമ്പിക്സിൽ ഇന്ത്യ ആദ്യ മെഡൽ ഉറപ്പിച്ചു. ടേബിൾ ടെന്നീസ് വനിതാവിഭാഗം സിംഗിൾസിൽ ഭവിനാബെൻ പട്ടേൽ സെമിഫൈനലിൽ കടന്നു. ഈ ഇനത്തിൽ സെമിയിൽ കടന്നാൽ വെങ്കലമെഡലുണ്ട്. പാരാലിമ്പിക്സ് ടേബിൾ ടെന്നീസ് സെമിയിലെത്തി മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരമാണ്. ഗുജറാത്തുകാരിയായ മുപ്പത്തിനാലുകാരി ഇന്ന് രാവിലെ 6.10ന് നടക്കുന്ന സെമിയിൽ ചൈനയുടെ സാങ് മിയാവോയെ നേരിടും. ടേബിൾ ടെന്നീസിൽ ക്ലാസ് 4 വിഭാഗത്തിലാണ് നേട്ടം. 2012ൽ വെള്ളി നേടിയ ചൈനക്കാരി മൂന്നാം റാങ്കുകാരിയാണ്.
ഗ്രൂപ്പ് മത്സരങ്ങളിൽ ആദ്യ കളി തോറ്റാണ് പന്ത്രണ്ടാം റാങ്കുകാരിയായ ഭവിനാബെൻ പട്ടേലിന്റെ തുടക്കം. പിന്നീട് മൂന്ന് കളി ജയിച്ചു. പ്രീ ക്വാർട്ടറിൽ ബ്രസീലിന്റെ ജോയ്സ് ഡി ഒളിവെറയെ 12–-10, 13–-11, 11–-6ന് തോൽപ്പിച്ചു. ക്വാർട്ടറിൽ ലോക അഞ്ചാം റാങ്കുള്ള സെർബിയക്കാരി ബോറിസ്ലാവ റാങ്കോവിച്ചിനെ 18 മിനിറ്റിൽ അട്ടിമറിച്ചു (11–-5, 11–-6, 11–-7). ബോറിസ്ലാവ നിലവിലെ ചാമ്പ്യനും മൂന്ന് ഒളിമ്പിക്സ് മെഡൽ ജേത്രിയുമാണ്.
അമ്പെയ്ത്ത് റാങ്കിങ് റൗണ്ടിൽ മിക്സഡിൽ രാകേഷ് കുമാറും ജ്യോതിയും ആറാമതെത്തി. വ്യക്തിഗത വിഭാഗത്തിൽ രാകേഷ് മൂന്നാമതാണ്. ജ്യോതി 15–-ാംസ്ഥാനത്തും. ശ്യാം സുന്ദർ സ്വാമി 21, ഹർവീന്ദർസിങ് 21, സി വിവേക് 10 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ റാങ്ക്. പവർലിഫ്റ്റിങ്ങിൽ വനിതകളുടെ 50 കിലോഗ്രാമിൽ സാകിന ഖട്ടൂൺ 93 കിലോ വിഭാഗത്തിൽ അഞ്ചാമതായി. പുരുഷന്മാരുടെ 65 കിലോയിൽ ജയ്ദീപിന്റെ മൂന്ന് ശ്രമവും പാഴായി. ഷോട്പുട്ടിൽ ടെക്ചന്ദ് 9.04 മീറ്റർ എറിഞ്ഞ് എട്ടുപേരിൽ അവസാനസ്ഥാനത്തായി.
ഇന്ന് ഭവിനാബെൻ പട്ടേലിന്റെ സെമി കൂടാതെ ജാവ്ലിൻ ത്രോയിൽ രഞ്ജിത് ഭാട്ടി ഇറങ്ങും. അമ്പെയ്ത്തിൽ രാകേഷ്കുമാറിനും ശ്യാം സുന്ദർ സ്വാമിക്കും മത്സരമുണ്ട്. ചൈന 19 സ്വർണമടക്കം 43 മെഡലുമായി മുന്നിലാണ്. ബ്രിട്ടൻ ഒമ്പത് സ്വർണമടക്കം 28 മെഡലുമായി രണ്ടാം സ്ഥാനത്തുണ്ട്.