കാബൂള്‍
താലിബാനുമായുള്ള കരാര്‍ പ്രകാരം അനുവദിച്ചിട്ടുള്ള സമയപരിധി പൂര്‍ത്തിയാക്കാന്‍ കാത്തുനില്‍ക്കാതെ അഫ്ഗാനിസ്ഥാന് വിടാനൊരുങ്ങി ബ്രിട്ടന്. ഒഴിപ്പിക്കല്‍ അവസാനഘട്ടമായെന്ന് ബ്രിട്ടീഷ് പ്രതിരോധമന്ത്രാലയം അറിയിച്ചു. കാബൂളിലെ ബാരൺ ഹോട്ടലിലെ രജിസ്ട്രേഷന് സൗകര്യങ്ങൾ സേന നിര്‍ത്തിവച്ചു. അഫ്ഗാനില്‍ തുടരാന്‍ അനുവദിക്കുന്ന അവസാന നിമിഷംവരെ കഴിയുന്നത്ര ആളുകളെ ഒഴിപ്പിച്ചശേഷമേ രാജ്യം വിടൂ എന്ന ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഉറപ്പ് പാഴ്വാക്കായി.
‘ഓപ്പറേഷൻ പിറ്റിങ്’ എന്ന ദൗത്യം വഴി 14 ദിവസത്തിനുള്ളിൽ 13,146 പേരെ ഒഴിപ്പിച്ചിട്ടുണ്ടെന്നും എല്ലാവരെയും ഒഴിപ്പിക്കാൻ കഴിയാത്തതില്‍ അങ്ങേയറ്റം ഖേദത്തോടെയാണ് പിന്മാറുന്നതെന്നും പ്രതിരോധ സെക്രട്ടറി ബെൻ വാലസ് പറഞ്ഞു. ബ്രിട്ടീഷ് പാസ്പോർട്ടുള്ള 4000 പേരെയും എണ്ണായിരത്തോളം അഫ്ഗാനികളെയുമാണ് ഇതിനോടകം ബ്രിട്ടനിൽ എത്തിച്ചിട്ടുള്ളത്. ഇതുകൂടാതെ, എംബസി ഉദ്യോഗസ്ഥരെയും അഫ്ഗാൻ ദൗത്യത്തിൽ ബ്രിട്ടീഷ് സൈന്യത്തെ സഹായിച്ചിരുന്ന സഖ്യരാഷ്ട്രങ്ങളുടെ പ്രതിനിധികളെയും നാട്ടിലെത്തിച്ചിട്ടുണ്ട്.
അഫ്ഗാനില്‍നിന്നുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചതായി സ്പെയിന്, ഇറ്റലി, നോര്‍വെ, ജര്‍മനി തുടങ്ങിയ രാജ്യങ്ങളും അറിയിച്ചു. വെള്ളിയാഴ്ചയോടെ രക്ഷാദൗത്യം അവസാനിപ്പിക്കുമെന്ന് ജപ്പാനും ഫ്രാന്‍സും അറിയിച്ചിട്ടുണ്ട്.