കൊച്ചി
കാക്കനാടുനിന്ന് എംഡിഎംഎ പിടിച്ച കേസിൽ പ്രതികൾ വിവിധസ്ഥലങ്ങളിൽ മയക്കുമരുന്ന് പാർടി (റേവ് പാർടി) നടത്തിയതായി സൂചന. പാർടികളിൽ വന്നുപോയവരെക്കുറിച്ച് ക്രൈംബ്രാഞ്ച് സംഘം അന്വേഷിക്കും. ഇതിനായി സിസി ടിവി ദൃശ്യങ്ങൾ അടക്കം പരിശോധിച്ചുവരികയാണ്. കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്നും വരുംദിവസങ്ങളിൽ അവരെ ചോദ്യം ചെയ്യുമെന്നും ക്രൈംബ്രാഞ്ച് പറഞ്ഞു. അപാർട്മെന്റിൽനിന്ന് സിസി ടിവി ദൃശ്യങ്ങളടങ്ങിയ ഹാര്ഡ് ഡിസ്കുകളും രജിസ്റ്റര് രേഖകളും പ്രതികളുടെ തിരിച്ചറിയല് കാര്ഡുകളും ക്രൈംബ്രാഞ്ച് വ്യാഴാഴ്ച പിടിച്ചെടുത്തിരുന്നു.
പ്രതികൾ താമസിച്ചിരുന്ന കാക്കനാടുള്ള അപ്പാര്ട്മെന്റില് വന്നുപോയവര്ക്കെതിരെയും അന്വേഷണമുണ്ടാകും. സമീപവാസികളുടെ മൊഴിപ്രകാരം നിരവധി യുവതീയുവാക്കള് ഇവിടെ വന്നുപോയെന്നാണ് എക്സൈസ് കണ്ടെത്തിയത്. രാത്രിയും പുലര്ച്ചെയുമെല്ലാം ആളുകള് വന്നുപോയിരുന്നു. ഇതിനാല് അപ്പാര്ട്മെന്റില് റേവ് പാര്ടി നടന്നതായും സംശയിക്കുന്നുണ്ട്. വയനാട് വൈത്തിരിക്കടുത്ത് പുളിയന്മലയില് പ്രതികള് ഉപയോഗിച്ച ടെന്റ് ഹൗസ് എക്സൈസ് കണ്ടെത്തിയിരുന്നു. പ്രതികള് ഇവിടെ ദിവസങ്ങളോളം ക്യാമ്പ് ചെയ്തിരുന്നു. ഇവിടെ മയക്കുമരുന്നുപാര്ടി നടന്നതായാണ് വിവരം.
ആറ് മാസംവരെ പഴക്കമുള്ള സിസി ടിവി ദൃശ്യങ്ങള് പരിശോധിക്കുകവഴി പ്രതികളുടെ അപ്പാര്ട്മെന്റിലെ സ്ഥിരം സന്ദര്ശകരെ കണ്ടെത്തി ചോദ്യം ചെയ്യാനാകും. എന്നാല്, മാസ്കുവച്ച് അപ്പാര്ട്മെന്റിലേക്ക് പ്രവേശിക്കുന്നവരെ കണ്ടെത്തുക പ്രയാസമാകും. ഇത്തരം സാഹചര്യത്തില് പ്രതികളോട് ഇവര് ആരാണെന്ന് തിരക്കേണ്ടതായിവരും. പ്രതികളെക്കൊണ്ട് കൂടുതല് വിവരങ്ങള് പറയിപ്പിക്കാന് തെളിവുകള് നിരത്തിയുള്ള ചോദ്യം ചെയ്യലാകും നടത്തുക. ഇതിനാണ് സിസി ടിവി ദൃശ്യങ്ങള് നേരത്തേതന്നെ പിടിച്ചെടുത്തത്. കേസിലെ പ്രതികളായ മുഹമ്മദ് ഫവാസ്, ശ്രീമോന്, ശബ്ന, മുഹമ്മദ് അഫ്സല്, മുഹമ്മദ് അജ്മല് എന്നിവരെ ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയില് വിട്ടു.