കാബൂള്‍
അഫ്ഗാനിലെ മതമൗലിക തീവ്രവാദി സംഘടനകളിൽ ഏറ്റവും അപകടകാരിയായ സംഘടനയാണ് ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രാദേശികരൂപമായ ഐഎസ് ഖൊറാസൻ എന്ന ഐഎസ്കെ. കിഴക്കൻ അഫ്ഗാനിലെ ഖൊറാസൻ പ്രവിശ്യയാണ് ആസ്ഥാനം. പാകിസ്ഥാനിലും സജീവം. മധ്യ- തെക്കൻ ഏഷ്യൻമേഖലയിൽ ഖലീഫഭരണം കൊണ്ടുവരിക എന്നതാണ് ലക്ഷ്യം. 2015––16 മുതൽ ഭീകരാക്രമണം നടത്തിവരുന്നു. പെൺകുട്ടികളുടെ വിദ്യാലയങ്ങൾ, ആശുപത്രികൾ, പ്രസവാശുപത്രികൾ എന്നിവപോലും ആക്രമിച്ചിട്ടുണ്ട്. കുട്ടികളെയും നേഴ്സുമാരെയും വെടിവച്ച് കൊന്നിട്ടുണ്ട്. 2017-–-18ൽ അഫ്ഗാനിലും പാകിസ്ഥാനിലുമായി നൂറോളം ആക്രമണം നടത്തി.
സംഘടന രൂപീകരണവേളയിൽ പാക് പൗരനായ ഹാഫീസ് സയ്യീദ് ഖാനായിരുന്നു മേധാവി. ഷാഹാബ് അൽ മുഹാജിർ എന്നയാളാണ് ഇപ്പോൾ തലപ്പത്ത്. ഈ പേര് വ്യാജമാണെന്ന് റിപ്പോർട്ടുണ്ട്. രണ്ടായിരത്തോളം പേർ സജീവപ്രവർത്തകരായുണ്ടെന്ന് കരുതുന്നു. ഐഎസ്കെ പാകിസ്ഥാനിലെ ഭീകരസംഘടനകളുമായും ഐഎസ്ഐയുമായും അടുത്തബന്ധം പുലർത്തുന്നതായി റിപ്പോർട്ടുണ്ട്.
ഹഖാനി ശൃംഖലവഴി ഐഎസ്കെയും താലിബാനും തമ്മിൽ ബന്ധമുണ്ട്. ജിഹാദ് വഴിയിൽ ഉപേക്ഷിച്ച് അധികാരത്തിനായി താലിബാൻ ഒത്തുതീർപ്പ് ചെയ്തെന്നാണ് ഐഎസ്കെയുടെ നിലപാട്. അഫ്ഗാനിൽ താലിബാൻ ഭരണത്തിന് ഏറ്റവും വലിയ വെല്ലുവിളി ഐഎസ്കെ ആയിരിക്കും.
ചാവേറിന്റെ ചിത്രം പുറത്തുവിട്ടു
ബോംബാക്രമണം നടത്തിയ ചാവേറിന്റെ ചിത്രം പുറത്തുവിട്ട് ഐഎസ് ഖൊറാസൻ (ഐഎസ്-കെ ).ഐഎസ് പതാകയ്ക്കു മുന്നിൽ കണ്ണുകൾമാത്രം പുറത്തുകാണുന്ന വസ്ത്രം ധരിച്ച് സ്ഫോടകവസ്തുക്കളുമായി നിൽക്കുന്നതാണ് ചിത്രം. സ്ഫോടനത്തിനുമുമ്പ് താലിബാൻ ചെക്ക്പോസ്റ്റുകൾ മറികടന്ന് യുഎസ് സേനയ്ക്ക് അരികിലേക്ക് ഇയാൾ എത്തിയിരുന്നു. അമേരിക്കൻ സേനയെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം നടത്തിയതെന്ന് ഐഎസ്-കെ പ്രസ്താവനയില്‍ പറഞ്ഞു.