തിരുവനന്തപുരം
ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും നിർദേശിച്ച പേരുകൾ വെട്ടിനിരത്തി ഡിസിസി പ്രസിഡന്റുമാരുടെ അന്തിമപട്ടിക കെപിസിസി നേതൃത്വം സോണിയ ഗാന്ധിക്ക് കൈമാറി. സ്വന്തം ജില്ലയായ കോട്ടയത്ത് ഉമ്മൻചാണ്ടിയും ആലപ്പുഴയിൽ രമേശ് ചെന്നിത്തലയും നൽകിയ പേരുകൾ പോലും അംഗീകരിച്ചില്ല. തിരുവനന്തപുരം(പാലോട് രവി), ആലപ്പുഴ(കെ പി ശ്രീകുമാർ), പാലക്കാട്(എ തങ്കപ്പൻ), കാസർകോട്(പി കെ ഫൈസൽ) എന്നിവർ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന്റെ നോമിനികളായി ഇടംനേടി.
കോട്ടയത്ത് നാട്ടകം സുരേഷിനെ ഒഴിവാക്കി ഫിൽസൺ മാത്യൂസിനെയും ആലപ്പുഴയിൽ ബാബുപ്രസാദിന് പകരം കെ പി ശ്രീകുമാറിനെയും ഉൾപ്പെടുത്തി. വയനാട് എൻ ഡി അപ്പച്ചൻ ഗ്രൂപ്പുകാരെ ഞെട്ടിച്ച് പട്ടികയിൽ കടന്നുകൂടി. കൊല്ലം ഡിസിസി പ്രസിഡന്റായി അന്തിമപട്ടികയിലുള്ള പി രാജേന്ദ്ര പ്രസാദ് കെപിസിസി വർക്കിങ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷിന്റെ നോമിനിയാണ്. പത്തനംതിട്ട–- സതീഷ് കൊച്ചുപറമ്പിൽ, ഇടുക്കി–-എസ് അശോകൻ, എറണാകുളം–-മുഹമ്മദ് ഷിയാസ്, തൃശൂർ–-ജോസ് വളളൂർ, മലപ്പുറം–- വി എസ് ജോയ്, കോഴിക്കോട്–-കെ പ്രവീൺകുമാർ, കണ്ണൂർ–- മാർട്ടിൻ ജോർജ് എന്നിവരാണ് പട്ടികയിലുള്ളത്.
എറണാകുളത്ത് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെയും കോഴിക്കോട് കെ മുരളീധരന്റെയും കണ്ണൂരിൽ കെ സുധാകരന്റെയും നോമിനികളെയാണ് ഉൾപ്പെടുത്തിയത്. തിരുവനന്തപുരത്ത് ശശി തരൂർ നിർദേശിച്ച ജി എസ് ബാബുവിനെ ഒഴിവാക്കി അവസാന നിമിഷമാണ് പാലോട് രവിയെ പരിഗണിച്ചത്. എ ഗ്രൂപ്പിലായിരുന്ന പാലോട് രവി കളംമാറി വേണുഗോപാലിനൊപ്പം ചേർന്നതായാണ് വിവരം. സോണിയ ഗാന്ധി പട്ടികയ്ക്ക് ഉടൻ അംഗീകാരം നൽകിയേക്കും.