തിരുവനന്തപുരം
ജനം തുടർഭരണത്തിലേറ്റിയ എൽഡിഎഫ് സർക്കാർ നൂറുദിനം തികയ്ക്കുന്നത് നാടിന് തിളക്കമേകുന്ന നിരവധി പദ്ധതികൾ പൂർത്തിയാക്കി. അധികാരമേറ്റ് ദിവസങ്ങൾക്കുള്ളിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ച പദ്ധതികളെല്ലാം ഇതിനകം പൂർത്തിയാക്കി. വ്യവസായ സംരംഭങ്ങൾ അതിവേഗം വളരാനുള്ള നടപടിയെടുത്തു.
അഞ്ചു വർഷത്തിനുള്ളിൽ 6000 തൊഴിൽ നൽകുന്ന ടാറ്റ എൽക്സി പദ്ധതി, 600 കോടി രൂപയുടെ നിക്ഷേപത്തിന് ടാറ്റ കൺസൾട്ടൻസി സർവീസസ് എന്നിവയ്ക്ക് ധാരണയായി. വി ഗാർഡിന്റെ 120 കോടി നിക്ഷേപം, ലുലു ഗ്രൂപ്പിന്റെ ഇലക്ട്രോണിക്സ് വെയർഹൗസ് എന്നിവയും ധാരണയായി. വ്യവസായ പരിശോധനയ്ക്ക് കെ സിസ് പോർട്ടലായി. സ്റ്റാറ്റ്യൂട്ടറി ഗ്രീവൻസ് റിഡ്രസൽ ഫോറം നിയമത്തിന്റെ കരട് തയ്യാർ. ചെറുകിട വ്യവസായ മേഖലയ്ക്ക് 1416 കോടി രൂപയുടെ സഹായം.
531 ഐടി കമ്പനികൾക്ക് പൂർണമായും വാടക ഇളവ് നൽകി. 227 സ്ഥാപനത്തിന് 4.38 കോടി രൂപയുടെ സാമ്പത്തിക ആശ്വാസം. വാടകയിൽ നിലവിൽ ഉണ്ടായിരുന്ന അഞ്ചു ശതമാനം വാർഷിക വർധന മരവിപ്പിച്ചു. 858 സ്ഥാപനത്തിന് 6.6 കോടി രൂപയുടെ നേട്ടം. സഹകരണ വകുപ്പ് പ്രഖ്യാപിച്ച തൊഴിൽ അവസരങ്ങളും ലഭ്യമാക്കി.
തൃശൂർ പഴയന്നൂരിൽ 40 ഫ്ളാറ്റുള്ള ഭവന പദ്ധതി (കെയർ ഹോം) പൂർത്തിയാക്കി. സെ പ്തംബറിൽ താക്കോൽ കൈമാറും. നിർധന വിദ്യാർഥികൾക്ക് സ്മാർട്ട് ഫോൺ വാങ്ങാൻ പലിശ രഹിത വായ്പ നൽകി. ഓരോ സംഘവും അഞ്ച് ലക്ഷംവരെ വായ്പ നൽകി. സംരംഭകത്വ മേഖലയിൽ 9524 തൊഴിൽ ലഭ്യമാക്കി. തീരമേഖലയിലെ അയൽക്കൂട്ടങ്ങൾക്ക് റിവോൾവിങ് ഫണ്ടിനത്തിൽ 58,35,000 രൂപ അനുവദിച്ചു.
1188 വീട്; 1752 പഠനമുറി
എൽഡിഎഫ് നേതൃത്വത്തിലുള്ള രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ നൂറു ദിവസത്തിനുള്ളിൽ പട്ടികജാതി വികസനവകുപ്പ് പൂർത്തിയാക്കിയത് 1188 വീട്. ഫർണിച്ചർ സഹിതമുള്ള 1752 പഠനമുറിയും യാഥാർഥ്യമാക്കി. നിർമാണം നിലച്ച വീട് പൂർത്തിയാക്കാൻ ഒന്നര ലക്ഷവും പഠനമുറിക്ക് രണ്ട് ലക്ഷവുമാണ് അനുവദിച്ചത്.
‘ഹരിതരശ്മി നിറവല്ലം’ പദ്ധതിയുടെ ആദ്യഘട്ടം എട്ടിനം വിത്തുകളും നാലിനം തൈകളും ജൈവപച്ചക്കറി കർഷകർക്ക് വിതരണം ചെയ്തു. ആറളം ഫാം, അട്ടപ്പാടി സഹകരണ ഫാമിങ് സൊസൈറ്റി എന്നിവയുടെ പുനരുദ്ധാരണത്തിന് മൂന്ന് കോടിയിൽ 95 ശതമാനം ചെലവഴിച്ചു. പട്ടികവർഗ വികസനവകുപ്പ് നേതൃത്വത്തിൽ സാമൂഹ്യ–- -സാമ്പത്തിക സർവേയും പൂർത്തിയാക്കി. നൂറുദിനങ്ങളിൽ ലക്ഷ്യമിട്ട പല പദ്ധതികളും പ്രതീക്ഷിച്ചതിനുമപ്പുറം പൂർത്തിയാക്കാൻ കഴിഞ്ഞതായി മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു.