കൊച്ചി
ആദ്യ സിനിമയുടെ 17–-ാം വാർഷികം ആഘോഷിക്കാൻ സംവിധായകൻ ബ്ലെസിക്കൊപ്പം നിർമാതാവും ആത്മസുഹൃത്തുമായ നൗഷാദില്ലായിരുന്നു. ദേശാതിർത്തികൾ കടന്ന മനുഷ്യബന്ധത്തിന്റെ കഥ പറഞ്ഞ ‘കാഴ്ച’ 17 വർഷം തികഞ്ഞ വെള്ളിയാഴ്ച അദ്ദേഹം വിടവാങ്ങി. സിനിമയുടെ വാർഷികദിനത്തിൽ ആത്മസുഹൃത്ത് നൗഷാദ് വിടവാങ്ങുമ്പോൾ സംവിധായകൻ ബ്ലെസിയുടെ സങ്കടത്തിന് ആഴമേറുന്നു. ഇരുവരുടെയും ആദ്യ ചിത്രമായി 2004 ആഗസ്ത് 27നാണ് ചിത്രം തിയറ്ററിലെത്തിയത്.
സ്കൂളിലും കോളേജിലും സഹപാഠിയായിരുന്ന നൗഷാദുമായുള്ള സൗഹൃദമാണ് മലയാളികൾ നെഞ്ചേറ്റിയ “കാഴ്ച’യ്ക്ക് ജന്മം നൽകിയത്. തിരുവല്ല എസ്സിഎസ് ഹൈസ്കൂളിലും തുടർന്ന് മാർത്തോമ കോളേജിലും ബ്ലെസിയുടെ ജൂനിയറായിരുന്നു നൗഷാദ്. റിലീസ് ചെയ്ത ആദ്യനാളുകളിൽ കാഴ്ച തിയറ്ററുകളിൽ ചലനമുണ്ടാക്കിയില്ല. എന്നാൽ, സിനിമ വൈകാതെ പ്രേക്ഷകർ ഏറ്റെടുത്തു. ബ്ലെസിക്കും നൗഷാദിനും സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ‘കാഴ്ച’ സമ്മാനിച്ചു. മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരം ബ്ലെസിക്ക് ലഭിച്ചപ്പോൾ ജനകീയ സിനിമയ്ക്കുള്ള അവാർഡ് നൗഷാദും ഏറ്റുവാങ്ങി. മികച്ച നടനായി മമ്മൂട്ടിയും മികച്ച ബാലതാരങ്ങളായി യഷ്, സനുഷ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.