സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ഇംഗ്സീഷ് പ്രീമിയർ ലീഗിൽ പന്തു തട്ടാൻ എത്തുമോ എന്നത് സംബന്ധിച്ച അഭ്യൂഹങ്ങൾ ഉയർന്നുകൊണ്ടിരിക്കുകയാണ് ഇപ്പോൾ. താരം തന്റെ പഴയ ക്ലബ്ബായ മാഞ്ചസ്റ്റർ യുനൈറ്റഡിലേക്ക് വീണ്ടും എത്തുമെന്ന തരത്തിൽ ഇപ്പോൾ റിപ്പോർട്ടുകൾ പുറത്ത് വരുന്നു.
നിലവിലെ ക്ലബ്ബ് ആയ യുവന്റസ് വിടാൻ റോണോ ഒരുങ്ങുന്നതായുള്ള അഭ്യൂഹങ്ങളാണ് താരം വീണ്ടും പ്രീമിയർ ലീഗിലേക്ക് വരുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ ശക്തമാക്കിയത്. മറ്റൊരു ഇപിഎൽ ക്ലബ്ബായ മാഞ്ചസ്റ്റർ സിറ്റിയിലേക്ക് താരം പോകുമെന്ന തരത്തിലും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ റോണോയ്ക്ക് വേണ്ടിയുള്ള ശ്രമം സിറ്റി ഉപേക്ഷിച്ചതായാണ് പിന്നീടുള്ള വിവരങ്ങൾ സൂചിപ്പിക്കുന്നത്.
36 കാരനായ റൊണാൾഡോ തന്റെ ഏജന്റ് ജോർജ്ജ് മെൻഡസിനോട് തന്റെ മുൻ ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ വീണ്ടും ചേരാൻ തയ്യാറാണെന്ന് പറഞ്ഞിട്ടുണ്ടെന്ന് പത്രപ്രവർത്തകനായ ഫാബ്രിസിയോ റൊമാനോ പറയുന്നു. 2008 സീസൺ വരെ മാഞ്ചസ്റ്ററിൽ കളിച്ച റോണോയെ 80 മില്യൺ പൗണ്ട് ചെലവഴിച്ചാണ് റയൽ മാഡ്രിഡ് സ്വന്തമാക്കിയത്. ആറ് സീസണുകളാണ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ താരം ചെലവഴിച്ചത്.
ഇപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് അദ്ദേഹത്തിന് 2023 ജൂൺ വരെ ഒരു കരാർ വാഗ്ദാനം ചെയ്തതായാണ് റിപ്പോർട്ടകൾ.
“ഇതിഹാസത്തെ” തിരികെ സ്വാഗതം ചെയ്യുമെന്ന് ക്ലബ്ബ് മുഖ്യ പരിശീലകൻ ഓൽ ഗന്നർ സോൾഷ്യർ വെള്ളിയാഴ്ച പറഞ്ഞു.
“റൊണാൾഡോ യുവന്റസ് വിടുമെന്ന് ഞാൻ കരുതിയിരുന്നില്ല, ഇന്ന് രാവിലെ ഇത് ഊഹാപോഹമാണ്, കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഊഹാപോഹങ്ങളുണ്ട്, തീർച്ചയായും,” അദ്ദേഹം പറഞ്ഞു.
“ഞങ്ങൾക്ക് എല്ലായ്പ്പോഴും നല്ല ആശയവിനിമയം ഉണ്ടായിരുന്നു, ബ്രൂണോ [ഫെർണാണ്ടസ്] അദ്ദേഹത്തോട് സംസാരിക്കുന്നുണ്ടെന്നും എനിക്കറിയാം, അയാളെക്കുറിച്ച് ഞങ്ങൾക്ക് എന്തുതോന്നുന്നുവെന്ന് അയാൾക്കറിയാം, അയാൾ യുവന്റസിൽ നിന്ന് അകന്നുപോകാൻ പോവുകയാണെങ്കിൽ, ഞങ്ങൾ ഇവിടെയുണ്ടെന്ന് അയാൾക്കറിയാം.”
അഞ്ച് തവണ ബാലൺ ഡി ഓർ ജേതാവായ റോണോയ്ക്ക് ക്ലബ്ബിൽ തുടരപാൻ ഉദ്ദേശമില്ലെന്ന് യുവന്റസ് പരിശീലകൻ മാസിമിലിയാനോ അല്ലെഗ്രി വെള്ളിയാഴ്ച പറഞ്ഞിരുന്നു. ക്ലബ്ബ് മാറ്റം സംബന്ധിച്ച മാധ്യമങ്ങളുടെ ഊഹാപോഹങ്ങൾക്കിടയിലാണ് അല്ലെഗ്രിയുടെ പ്രഖ്യാപനം.
“താൻ ഇനി യുവന്റസിനായി കളിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് ക്രിസ്റ്റ്യാനോ എന്നോട് പറഞ്ഞു,” അല്ലെഗ്രി പറഞ്ഞു.
“അതുകൊണ്ടാണ് നാളെ അദ്ദേഹത്തെ വിളിക്കാത്തത്. അദ്ദേഹം ഇന്നലെ പരിശീലിച്ചിട്ടില്ല. ഇന്ന് രാവിലെ അദ്ദേഹം തന്റെ സഹപ്രവർത്തകരോട് അത് പറഞ്ഞു. ഞാൻ ഒന്നിലും ആശ്ചര്യപ്പെടുന്നില്ല, ഫുട്ബോളിൽ മാർക്കറ്റും വ്യക്തികളുടെ ആവശ്യങ്ങളും ഉണ്ട്. അദ്ദേഹം തന്റെ തിരഞ്ഞെടുപ്പ് നടത്തി. ജീവിതം പൊയ്ക്കൊണ്ടേയിരിക്കുന്നു,” അല്ലെഗ്രി പറഞ്ഞു.
The post വീണ്ടും പഴയ തട്ടകത്തിലേക്ക്? റോണോയെ ക്ലബ്ബിലെത്തിക്കാനുള്ള ശ്രമങ്ങളിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് മുന്നിൽ appeared first on Indian Express Malayalam.