കാക്കനാട്> തൃക്കാക്കര നഗരസഭ ചെയർപേഴ്സൺ അജിത തങ്കപ്പന്റെ ഓഫീസ് മുറിയിലേത് ഉൾപ്പെടെ നഗരസഭാ കാര്യാലയത്തിലെ 11 സിസി ടിവി ക്യാമറകളും പണക്കിഴി വിവാദം ഉയർന്നശേഷം പ്രവർത്തനരഹിതം. വെള്ളിയാഴ്ച നഗരസഭാ കാര്യാലയത്തിൽ വിജിലൻസ് സംഘം നടത്തിയ പരിശോധനയിലാണ് ക്യാമറകൾ പ്രവർത്തിക്കുന്നില്ലെന്ന് കണ്ടെത്തിയത്. പണമടങ്ങിയ കവർ ചെയർപേഴ്സൺ കൗൺസിലർമാർക്ക് നൽകിയതിന്റെ ദൃശ്യങ്ങൾ പരിശോധിക്കാനാണ് വിജിലൻസ് എത്തിയത്.
ഈ മാസം 17നാണ് അജിത തങ്കപ്പൻ ഓണക്കോടിക്കൊപ്പം 10,000 രൂപയടങ്ങിയ കവറും കൗൺസിലർമാർക്ക് കൊടുത്തത്. ഓഫീസ് മുറിക്കുള്ളിലായിരുന്നു പണക്കിഴി വിതരണം. പിന്നീട് ചെയർപേഴ്സന്റെ നടപടിയോട് വിയോജിച്ച് പല കൗൺസിലർമാരും പണം തിരിച്ചേൽപ്പിച്ചു.
രണ്ടു സംഭവങ്ങളും നടക്കുമ്പോൾ സിസി ടിവികൾ പ്രവർത്തിച്ചിരുന്നു. എന്നാൽ സംഭവം വിവാദമായതോടെ സിസി ടിവി ദൃശ്യങ്ങൾ നീക്കിയതാകാമെന്നാണ് വിജിലൻസിന്റെ നിഗമനം. പണക്കിഴി വിവാദം ശക്തമായപ്പോൾ ഓഫീസിലെ സിസി ടിവി പരിശോധിച്ചാൽ സത്യം വെളിപ്പെടുമെന്ന് അജിത തങ്കപ്പനും മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അതനുസരിച്ചാണ് വിജിലൻസ് വെള്ളിയാഴ്ച പരിശോധനയ്ക്കെത്തിയത്.
നിർണായക തെളിവായി മാറുമായിരുന്ന സിസി ടിവി ദൃശ്യങ്ങൾ നശിപ്പിച്ചത് കേസിനെ കൂടുതൽ ഗൗരവമുള്ളതാക്കും. തെളിവ് നശിപ്പിക്കൽ ഉൾപ്പെടെ കുറ്റങ്ങൾക്കും ചെയർപേഴ്സൺ മറുപടി പറയേണ്ടിവരും. വാർഡിലെ മുതിർന്നവർക്ക് നൽകാനുള്ള ഓണക്കോടിയോടൊപ്പം 10,000 രൂപ അടങ്ങിയ ഒരു കവറും നൽകിയെന്നാണ് എൽഡിഎഫ് കൗൺസിലർമാർ വിജിലൻസിന് നൽകിയ പരാതി. കഴിഞ്ഞ ദിവസവും വിജിലൻസ് നിരവധി ഫയലുകൾ പരിശോധിച്ചിരുന്നു. നഗരഭരണത്തിലെ ക്രമക്കേടുകൾസംബന്ധിച്ച് ഇതിനുമുമ്പ് നൽകിയ പരാതിയുടെ ഭാഗമായിരുന്നു ആ പരിശോധന. പണക്കിഴി നൽകിയ വിവരം സ്ഥിരീകരിക്കുന്ന ശബ്ദരേഖയും അവ എൽഡിഎഫ് കൗൺസിലർമാർ തിരിച്ചുകൊടുക്കുന്നതിന്റെ ദൃശ്യവും കൗൺസിലർമാരിൽനിന്ന് വിജിലൻസ് ശേഖരിച്ചിട്ടുണ്ട്.
കോൺഗ്രസിലെ തന്നെ ഒരുവിഭാഗം അഴിമതിക്കെതിരെ രംഗത്തുവന്നിട്ടുണ്ട്. എന്നാൽ ജില്ലയിലെ കൊൺഗ്രസ് നേതൃത്വം അഴിമതിക്കാരെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നത്. പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ നിർദേശപ്രകാരം ഡിസിസി നിയോഗിച്ച അന്വേഷണ കമീഷൻ അജിത തങ്കപ്പന് അനുകൂലമായ റിപ്പോർട്ടാണ് നൽകിയത്. വിവാദം ഗ്രൂപ്പുപോരിന്റെ ഭാഗമാണെന്നാണ് കമീഷന്റെ കണ്ടെത്തൽ. പണക്കിഴിക്കെതിരെ കോൺഗ്രസ് കൗൺസിലർതന്നെ രംഗത്തുവന്നിട്ടും ഒരുവിഭാഗം കൗൺസിലർമാരിൽനിന്നുമാത്രമാണ് കമീഷൻ തെളിവെടുത്തത്. എട്ട് എ ഗ്രൂപ്പ് കൗൺസിലർമാരെ തെളിവെടുപ്പിൽനിന്ന് ഒഴിവാക്കി.