തിരുവനന്തപുരം; കോവിഡ് ബാധിച്ച സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് ബി.ജെ.പി നേതാവ് എം.ടി രമേശ്. കഴിഞ്ഞ നൂറ് ദിവസങ്ങളായി സർക്കാർ ക്വാറന്റീനിലാണ്. ശാസ്ത്രീയമായ കോവിഡ് പ്രതിരോധമാർഗം സർക്കാരിന് സ്വീകരിക്കാൻ കഴിഞ്ഞുവെന്നാണ് പ്രധാനമായും സർക്കാർ ഉന്നയിച്ച അവകാശവാദം.
കോവിഡ് പ്രതിരോധത്തിൽ സർക്കാർ പൂർണ പരാജയമാണ്. മഹാരാഷ്ട്ര, ഡൽഹി, തമിഴ്നാട്, കർണാടക ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ കോവിഡ് ഉയർത്തിയ വെല്ലുവിളിയെ അതിജീവിച്ച് സാധാരണ നിലയിലെത്തി. ജനസാന്ദ്രത കൂടുതലുള്ള ഉത്തർപ്രദേശിൽ ജനജീവിതം സാധാരണ നിലയിലായി. ഡൽഹിയിൽ സ്കൂളുകൾ തുറക്കുന്ന നിലയിലേക്ക് സാഹചര്യം മാറി.
പിണറായി വിജയൻ സർക്കാരിന്റെ നൂറ് ദിനങ്ങൾ പരാജയപ്പെട്ട നൂറ് ദിവസങ്ങളാണെന്ന് കേരളത്തിലെ ജനങ്ങൾക്ക് ബോധ്യപ്പെട്ടു. തിരഞ്ഞെടുപ്പിന് മുൻപും അതിന് ശേഷവും നടത്തിയ പ്രഖ്യാപനങ്ങളിൽ ഒന്ന് പോലും സർക്കാരിന് നടത്തിയെടുക്കുവാൻ സാധിച്ചില്ല.ടെസ്റ്റ്പോസിറ്റിവിറ്റി നിരക്ക് അനിയന്ത്രിതമായി ഉയർന്നു. മരണനിരക്ക് ആശങ്കാജനകമാണ്.
കോവിഡ് നിയന്ത്രണങ്ങൾ നടപ്പാക്കുന്നത് വിദഗ്ധ സമിതിയുടെ ഉപദേശ പ്രകാരമാണെന്ന് മുഖ്യമന്ത്രി പറയുന്നു. കോവിഡ് പ്രതിരോധങ്ങൾ പാളിയപ്പോൾ ആ വിദഗ്ധ സമിതി പരിശോധിക്കപ്പെടേണ്ടതല്ലേ? തങ്ങളാണ് ശരി എന്ന് നാഴികയ്ക്ക് നാൽപ്പത് വട്ടം പറയുന്ന മുഖ്യമന്ത്രി തെറ്റ് പറ്റിയെന്ന് സമ്മതിക്കണം. കോവിഡ് പ്രതിരോധത്തിൽ കേന്ദ്രത്തിന്റെ നിർദേശങ്ങൾ അവഗണിച്ചു.
പലതവണ കേരളത്തിന്റേത് അശാസ്ത്രീയമായ പ്രതിരോധ പ്രവർത്തനങ്ങളാണെന്ന് കേന്ദ്രം മുന്നറിയിപ്പ് നൽകി. കോവിഡ് പ്രോട്ടോക്കോൾ എന്ന് പറഞ്ഞ് പോലീസിനെ കയറൂരി വിട്ട് നിരപരാധികളെ ഊറ്റിപിഴിഞ്ഞു ഖജനാവ് നിറയ്ക്കുകയായിരുന്നു സർക്കാർ.
കോവിഡിന്റെ മറവിൽ സർക്കാർ തീവെട്ടിക്കൊള്ള നടത്തുകയാണെന്നും വിമർശനം. മുഖ്യമന്ത്രിയുടെ അഹങ്കാരത്തിന് വില കൊടുക്കേണ്ടി വന്നത് കേരളത്തിലെ സാധാരണക്കാരായ ജനങ്ങളാണ്. ജനങ്ങളെ വിശ്വാസത്തിലെടുത്തു കേന്ദ്ര സർക്കാർ നിർദേശിക്കുന്ന മാനദണ്ഡങ്ങൾ അനുസരിക്കാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Content Highlights: m.t ramesh aganist pinarayi vijayan and government in hike oncovid cases