കൊല്ലം : സാമൂഹിക വിരുദ്ധരെ ഭയന്ന് അമ്മയും മക്കളും തീവണ്ടിയിൽ കഴിഞ്ഞ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി. കോടതി സ്വമേധയാ കേസെടുക്കാനുള്ള നടപടി തുടങ്ങി. കുടുംബത്തിന് സുരക്ഷ ഉറപ്പാക്കണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. സംഭവത്തെക്കുറിച്ചുള്ള വിശദ റിപ്പോർട്ട് നൽകാനും സിറ്റി പോലീസ് കമ്മീഷണർക്ക് കോടതി നിർദേശം നൽകി.
കൊല്ലം ഇരവിപുരത്തെ സുനാമി ഫ്ളാറ്റിൽ സാമൂഹ്യ വിരുദ്ധരുടെ ശല്യം കാരണം അന്തിയുറങ്ങാൻ കഴിയാതെയായമഞ്ജുവും മക്കളുമാണ് നാല് ദിവസമായി രാത്രിയിൽ തീവണ്ടിയിൽ കഴിഞ്ഞത്. വാർത്ത മാതൃഭൂമിയാണ് ആദ്യമായി പുറത്തു കൊണ്ട് വന്നത്. വീട്ടിൽ സുരക്ഷിതമായി കിടന്നുറങ്ങാനാവാതെ തീവണ്ടിയിൽ അഭയം കണ്ടെത്തേണ്ടിവന്ന അമ്മയ്ക്കും രണ്ടുമക്കൾക്കും പിന്തുണയുമായി ഒട്ടേറെപ്പേർ രംഗത്തെത്തിയിരുന്നു. മാതൃഭൂമി ബുധനാഴ്ച പ്രസിദ്ധീകരിച്ച വാർത്ത കണ്ടാണ് വിഷയത്തിൽ വിവിധ കോണുകളിൽ നിന്ന ഇടപെടലുണ്ടായത്.
സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ കേസെടുത്ത് അന്വേഷണത്തിന് കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. കളക്ടറും ജില്ലാ പോലീസ് മേധാവിയും വിഷയത്തിൽ നേരിട്ടിടപെട്ട് പരാതിക്കു പരിഹാരം കാണണമെന്ന് കമ്മിഷൻ അംഗം വി.കെ. ബീനാകുമാരി ഇടക്കാല ഉത്തരവിൽ ആവശ്യപ്പെട്ടിരുന്നു.
കേരള ലീഗൽ സർവീസസ് അതോറിറ്റി നിയമസഹായവുംഉറപ്പുനൽകി. വനിതാകമ്മിഷൻ അംഗം ഷാഹിദാ കമാലും കുടുംബത്തിന് പിന്തുണയറിയിച്ചു.പത്തനാപുരത്തെ ഗാന്ധിഭവനും വൈക്കം ഗാന്ധിസ്മൃതിയും അഭയമേകാൻ തയ്യാറാണെന്ന് അറിയിച്ചിരുന്നു.
17 വയസ്സുള്ള കുട്ടിയുടെ പഠനം ഏറ്റെടുക്കാമെന്ന് കോഴിക്കോട് ഫറൂഖ് കോളേജും അറിയിച്ചിരുന്നു.
content highlights:highcourt takes suomoto on family travelling in train to escape from social miscreants