തിരുവനന്തപുരം: സർക്കാർ ഓഫീസുകളിലെ സേവനങ്ങളുടെ ഗുണനിലവാരം ജനങ്ങൾക്ക് വിലയിരുത്താനും അവലോകനം ചെയ്യാനും പുതിയ ആപ്പ് പുറത്തിറക്കി സംസ്ഥാന സർക്കാർ. സർക്കാർ സേവനങ്ങൾ കൂടുതൽ മികവുറ്റതാക്കാൻ ലക്ഷ്യമിട്ടാണ് എന്റെ ജില്ല എന്ന ആപ്പ് പുറത്തിറക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
ആപ്പിലൂടെ, പൗരന്മാർക്ക് സർക്കാർ ഓഫീസുകൾ കണ്ടെത്താനും അവിടേക്കു വിളിക്കാനും കഴിയും. ഓരോരുത്തരുടെയും അനുഭവത്തിന്റെ അടിസ്ഥാനത്തിൽ അവലോകനങ്ങൾ രേഖപ്പെടുത്താം. ഒന്ന് മുതൽ അഞ്ചു വരെ റേറ്റിങ് നൽകാനും സാധിക്കും. രേഖപ്പെടുത്തുന്ന അവലോകനം പരസ്യമായിരിക്കും.
ജനങ്ങളുടെ അഭിപ്രായങ്ങൾ നല്ല പ്രകടനം നടത്തുന്നവർക്ക് പ്രചോദനമാകുമെന്നുംമറ്റുള്ളവരെ കൂടുതൽ ഉത്തരവാദിത്ത ബോധമുള്ളവരാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അവലോകനങ്ങൾ നിരീക്ഷിക്കാൻ ജില്ലാ കലക്ടർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസ് ഇതിന് മേൽനോട്ടം വഹിക്കുമെന്നു മുഖ്യമന്ത്രി വ്യക്തമാക്കി.
ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ആപ്പ് ഡൗൺലോഡ് ചെയ്യാം. മൊബൈൽ നമ്പർ ഉപയോഗിച്ച് രജിസ്റ്റർ ചെയ്ത ശേഷം ആപ്പ് ഉപയോഗിക്കാം. മൊബൈൽ നമ്പർ സുരക്ഷിതമായിരിക്കും. ഉപഭോക്താവിന് സർക്കാർ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണമെന്ന് താല്പര്യം ഉണ്ടെങ്കിൽ മാത്രമേ അത് വെളിപ്പെടുത്തുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
content highlights:services in government offices can now be rated, ente jilla app unveiled