തിരുവനന്തപുരം > മഴമിഴി മള്ട്ടി മീഡിയ മെഗാ സ്ട്രീമിങ് ശനിയാഴ്ച വൈകിട്ട് ഏഴിന് മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദേശത്തോടെ ആരംഭിക്കുമെന്ന് സാംസ്കാരിക വകുപ്പുമന്ത്രി സജി ചെറിയാന് പറഞ്ഞു. പദ്ധതിയുടെ ഭാഗമായി ഷൂട്ട് ചെയ്ത് ആര്ക്കൈവ് ചെയ്യുന്ന കലാപ്രകടനങ്ങള് ഓണ്ലൈന്, ഒടിടി പ്ലാറ്റ്ഫോമുകളിലൂടെ തുടര്ന്നും പ്രേക്ഷകരിലേക്കെത്തിക്കുന്ന കാര്യം പരിഗണനിയിലുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
കേരളപ്പിറവി ദിനമായ നവംബര് ഒന്നുവരെയാണ് സ്ട്രീമിങ്. 65 ദിവസം നീണ്ട് നില്ക്കുന്ന മെഗാ സ്ട്രീമിങ്ങിലൂടെ 150 ഓളം കലാരൂപങ്ങളിലായി 350 ഓളം കലാ സംഘങ്ങളുടെ കലാപ്രകടനങ്ങള് പ്രദര്ശിപ്പിക്കും. ചലച്ചിത്ര അക്കാദമി, ഫോക്ലോര് അക്കാദമി, ലളിതകലാ അക്കാദമി, ഗുരുഗോപിനാഥ് നടനഗ്രാമം, സംഗീത നാടക അക്കാദമി എന്നീ സ്ഥാപനങ്ങളുടെ സംയുക്താഭിമുഖ്യത്തില് കേരള സര്ക്കാരിന്റെ സാംസ്കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവന് ആണ് മഴമിഴി എന്ന മള്ട്ടി മീഡിയ മെഗാ സ്ട്രീമിങ് ഒരുക്കുന്നത്.
samskarikam.org എന്ന വെബ് പേജിലൂടെയും വിവിധ സാംസ്കാരിക സ്ഥാപനങ്ങളുടെയും ലോകമലയാളി സംഘടനകളുടെ ശ്രദ്ധേയമായ പേജുകളിലൂടെയും രാത്രി 7 മുതല് 9 വരെയാണ് വെബ്കാസ്റ്റിങ്. മഴമിഴി പദ്ധതിയുടെ എട്ടു മിനിറ്റ് ദൈര്ഘ്യം വരുന്ന കര്ട്ടണ് റെയ്സര് വിഡിയോയുടെ സ്വിച്ച്ഓണ് കർമ്മം വാര്ത്താസമ്മേളനത്തില് ശ്രീകുമാരന് തമ്പി നിര്വഹിച്ചു. തുടര്ന്ന് അദ്ദേഹത്തെ മന്ത്രി സജി ചെറിയാന് പൊന്നാടയണിയിച്ച് ആദരിച്ചു.
മഴമിഴി പ്രോഗ്രാം കവീനറും ഭാരത് ഭവന് മെമ്പര് സെക്രട്ടറിയുമായ പ്രമോദ് പയ്യന്നൂര്, ലളിതകലാ അക്കാദമി ചെയര്മാന് നേമം പുഷ്പരാജ്, ഗുരുഗോപിനാഥ് നടനഗ്രാമം സെക്രട്ടറി സുദര്ശന് കുന്നത്തുകാല്, പ്രോഗ്രാം എക്സ്പേര്ട്ട് കമ്മറ്റി അംഗങ്ങളായ ഡോ കെ. ഓമനക്കുട്ടി, വി.ടി. മുരളി, കേരള ഭാഷാ ഇന്സ്റ്റിറ്റ്യൂട്ട് ഡയറക്ടര് പ്രൊഫ. കാര്ത്തികേയന് നായര്, ഹിന്ദുസ്ഥാനി സംഗീതജ്ഞ അബ്രദിതോ ബാനര്ജി, ഭാരത് ഭവന് നിര്വാഹക സമിതി അംഗം റോബിന് സേവ്യര് തുടങ്ങിയവരും വാര്ത്താസമ്മേളനത്തില് പങ്കെടുത്തു.