സംസ്ഥാനത്തെ രൂപതകളിൽ പലയിടത്തും കുര്‍ബാനയുടെ രീതികളിൽ ചെറിയ മാറ്റങ്ങളുണ്ട്. എന്നാൽ വരുന്ന മൂന്ന് മാസത്തിനുള്ളിൽ ഇത് ഏകീകരിക്കാനാണ് തീരുമാനം. കുര്‍ബാനയുടെ ആദ്യ ഭാഗത്ത് പുരോഹിതൻ ജനങ്ങള്‍ക്ക് അഭിമുഖമായും തുടര്‍ന്ന് പ്രധാന ഭാഗങ്ങള്‍ അള്‍ത്താരയ്ക്ക് അഭിമുഖമായും നടത്താനാണ് സിനഡ് യോഗത്തിൽ തീരുമാനമായത്.
കഴിഞ്ഞ മാസമാണ് സീറോ മലബാര്‍ സഭയുടെ ആരാധനാക്രമം ഏകീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രാൻസിസ് മാര്‍പാപ്പ ആവശ്യപ്പെട്ടത്. 1999ലെ സിനഡ് തീരുമാനം എല്ലാ രൂപതകളും നടപ്പാക്കണമെന്നായിരുന്നു മാര്‍പാപ്പയുടെ കത്തിൽ ആവശ്യപ്പെട്ടത്. പുതിയ കുര്‍ബാന ക്രമത്തിനും മാര്‍പാപ്പ അംഗീകാരം നല്‍കി. എന്നാൽ ഇതിനെതിരെ പ്രതിഷേധവുമായി ഒരു വിഭാഗം വൈദികര്‍ രംഗത്തെത്തുകയായിരുന്നു.
Also Read:
എറണാകുളം – അങ്കമാലി അതിരൂപത ജനങ്ങള്‍ക്ക് അഭിമുഖമായാണ് കുര്‍ബാന അര്‍പ്പിച്ചിരുന്നതെങ്കിൽ ചങ്ങനാശേരി രൂപതയിൽ അള്‍ത്താരയ്ക്ക് അഭിമുഖമായി നിന്ന് കുര്‍ബാന അര്‍പ്പിക്കുന്നതായിരുന്നു രീതി. എന്നാൽ മാര്‍പാപ്പയുടെ ഉത്തരവോടു കൂടി ഈ വ്യത്യാസങ്ങള്‍ ഇല്ലാതാകും. ആദ്യഭാഗം ജനങ്ങള്‍ക്കു നേരെ തിരിഞ്ഞു നിന്നും കുര്‍ബാനയുടെ പ്രധാനഭാഗങ്ങള്‍ അള്‍ത്താരയ്ക്ക് നേര്‍ക്കു തിരിഞ്ഞു നിന്നും വൈദികര്‍ കുര്‍ബാന അര്‍പ്പിക്കണമെന്നാണ് നിര്‍ദേശം. ഈ നീക്കങ്ങള്‍ നടപ്പാകുന്നതോടെ കുര്‍ബാനയുടെ ദൈര്‍ഘ്യവും കുറയും. ഓഗസ്റ്റ് 16ന് തുടങ്ങിയ സിനഡിലെ ചര്‍ച്ചാവിഷയവും ആരാധനാക്രമത്തിലെ മാറ്റങ്ങളായിരുന്നു.
ഈ തീരുമാനം ഉടൻ തന്നെ നടപ്പാക്കണമെന്ന വത്തിക്കാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും സിനഡ് തീരുമാനം അടിച്ചേൽപ്പിക്കരുതെന്നായിരുന്നു വൈദികര്‍ ആവശ്യപ്പെട്ടത്. ഇക്കാര്യത്ിതൽ ചിലരുടെ താത്പര്യം പരിഗണിച്ചു മാത്രം തീരുമാനമെടുക്കുന്നത് അധാര്‍മികമാണെന്നും വൈദികരുടെയും സന്യസ്തരുടെയും അഭിപ്രായങ്ങള്‍ പരിഗണിക്കണമെന്നുമാണ് വൈദികര്‍ ആവശ്യപ്പെട്ടത്.
Also Read:
കുര്‍ബാന ഏകീകരണത്തിനുള്ള നീക്കത്തിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികര്‍ മാര്‍പാപ്പയ്ക്ക് കത്തയ്ക്കുകയും ചെയ്തിരുന്നു. അൻപതു വര്‍ഷമായി തുടരുന്ന പാരമ്പര്യം നിലനിര്‍ത്തണമെന്നാണ് വൈദികരുടെ ആവശ്യം. 466 വൈദികരാണ് ഇതു ചൂണ്ടിക്കാണിച്ച് മാര്‍പാപ്പയ്ക്കും പൗരസ്ത്യ തിരുസംഘത്തിനും സിനഡിനും കത്തയച്ചത്. എന്നാൽ ഈ ആവശ്യങ്ങളാണ് സിനഡ് തള്ളിയത്. വൈദികരെ അനുനയിപ്പിക്കാൻ മെത്രാന്മാര്‍ക്കാണ് ചുമതല. മാറ്റം അംഗീകരിക്കാത്ത വൈദികര്‍ നടപടി നേരിടേണ്ടി വന്നേക്കാം. സംഭവത്തിൽ ഔദ്യോഗിക പ്രതികരണം പുറത്തു വന്നതിനു ശേഷം തുടര്‍നടപടികള്‍ ആരംഭിക്കുമെന്നാണ് അതിരൂപത സംരക്ഷണ സമിതി പിആര്‍ഓ ഫാ. ജോസ് വൈലിക്കോടത്ത് പ്രതികരിച്ചതെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം, ഭൂമി വിൽപനയിലെ ക്രമക്കേടാണ് സിനഡ് ചര്‍ച്ച ചെയ്യേണ്ടതെന്നും കുര്‍ബാന ഏകീകരണം സംബന്ധിച്ച ചര്‍ച്ച കണ്ണിൽ പൊടിയിടാനാണെന്നുമാണ് വൈദികരുടെനേതൃത്വത്തിൽ നടത്തുന്ന സത്യദീപം ആഴ്ചപ്പതിപ്പിൻ്റെ വിമര്‍ശനം. ഇക്കാര്യം ആവശ്യപ്പെട്ട് ചില വിശ്വാസികളും സിനഡ് വേദിയ്ക്കു മുന്നിൽ പ്രതിഷേധിച്ചിരുന്നു.