കൊച്ചി > കേരളത്തിലെ കോവിഡ് പ്രതിരോധം രാജ്യത്തെ തന്നെ മികച്ച മാതൃകയെന്ന് അന്താരാഷ്ട്ര വാര്ത്താ ഏജന്സിയായ റോയിട്ടേഴ്സ്. ‘കേരളത്തിലെ കോവിഡ് 19: ഇന്ത്യയ്ക്കും കേന്ദ്രസര്ക്കാരിനുമുള്ള പാഠം’ എന്ന തലക്കെട്ടോടെയാണ് റോയിട്ടേഴ്സ് വാര്ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്. ദേശീയ- സംസ്ഥാന തലങ്ങളിലെ കണക്കുകള് പരിശോധിച്ചും, പകര്ച്ചവ്യാധി വിദഗ്ധരുമായും ആരോഗ്യ പ്രവര്ത്തകരുമായും ഉദ്യോഗസ്ഥരുമായും സംവദിച്ചുമാണ് പഠന റിപ്പോര്ട്ട് തയ്യാറാക്കിയതെന്ന് റോയിട്ടേഴ്സ് അറിയിച്ചു.
മികച്ച ചികിത്സാ സംവിധാനങ്ങള് ഒരുക്കി മരണ നിരക്ക് പിടിച്ച് നിര്ത്താന് സംസ്ഥാത്തെ കമ്യൂണിസ്റ്റ് സര്ക്കാരിന് സാധിച്ചു എന്ന് റോയിട്ടേഴ്സിന്റെ പഠന റിപ്പോര്ട്ടില് പറയുന്നു. വ്യാപനം വൈകിപ്പിക്കുക എന്ന രീതി രണ്ടാം തരംഗം ആരംഭിക്കുന്നതിന് മുന്പേ കേരളം സ്വീകരിച്ച മാര്ഗമാണ്. രണ്ടാം തരംഗത്തില് രാജ്യ വ്യാപകമായി മരണങ്ങള് നടക്കുമ്പോഴും ഓരോ പൗരനും സാധ്യമായ മികച്ച ചികിത്സ ലഭ്യമാക്കുകയായിരുന്നു കേരള സര്ക്കാരെന്ന് റോയിട്ടേഴ്സ് റിപ്പോര്ട്ടില് പറയുന്നു.
33ല് ഓരോ രോഗിയും രാജ്യത്ത് കൊറോണ ബാധിച്ച് മരിക്കുന്ന ഘട്ടത്തിലും ഇതിനെ പ്രതിരോധിക്കാന് രാജ്യത്തെ ഉയര്ന്ന ജന സാന്ദ്രത ഉള്ള സംസ്ഥാനങ്ങളില് ഒന്നായ കേരളത്തിന് സാധിച്ചു. നെഹ്റു സര്വകലാശാലയിലെ സെന്റര് ഓഫ് സോഷ്യല് മെഡിസിന് ആന്ഡ് കമ്യൂണിറ്റി ഹെല്ത്ത് വിഭാഗം മേധാവി റജിബ് ദാസ് ഗുപ്തയെ ഉദ്ധരിച്ച് ആണ് റോയിട്ടേഴ്സ് ഇക്കാര്യം വ്യക്തമാക്കുന്നത്. ജനസാന്ദ്രത അനുപാതം അനുസരിച്ച് നോക്കിയാല് പോലും ദേശീയ ശരാശരിയേക്കാള് പോസിറ്റീവ് കേസുകള് കണ്ടെത്താന് സാധ്യത ഏറെ ഉണ്ട് കേരളത്തില്.
ദ്രുതഗതിയില് കേരളത്തില് നടത്തി വരുന്ന കോവിഡ് പരിശോധനകളും രോഗികളെയും സമ്പര്ക്ക പട്ടികയില് ഉള്ളവരെയും നേരത്തെ കണ്ടെത്താന് സഹായിച്ചു. ഇവര്ക്ക് ചികിത്സയും ഉറപ്പാക്കി. ഇതെല്ലാം തന്നെ സംസ്ഥാന സര്ക്കാരിന്റെ ഇച്ഛാശക്തി വെളിപ്പെടുത്തുന്ന കണക്കുകള് ആയി മാറി.
രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളില് ചികിത്സാ സംവിധാനങ്ങള് പര്യാപ്തമാകാതെ വന്നപ്പോള് കേരളത്തില് ഓരോ വ്യക്തിക്കും മികച്ച ചികിത്സ ഉറപ്പ് വരുത്താന് സംസ്ഥാന സര്ക്കാരിന് സാധിച്ചു. ടെലി മെഡിസിന് സംവിധാനം ഉള്പ്പടെ ഉറപ്പ് വരുത്തി മരണ നിരക്ക് പിടിച്ചു നിര്ത്താന് സാധിച്ചു. ഡല്ഹി ഭരണകൂടം ഇത് അനുകരിക്കാന് ശ്രമിച്ചു. എങ്കിലും അനിയന്ത്രിതമായി ഉയര്ന്ന മരണ നിരക്ക് ഈ കാലഘട്ടത്തില് ഡല്ഹി സര്ക്കാരിന്റെ കണക്ക് കൂട്ടലുകളെ തകിടം മറിച്ചു.
സംസ്ഥാനത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം രൂക്ഷമായി ഉയരുന്ന മലപ്പുറം ജില്ലയില് പോലും ഇന്നും മതിയായ ഓക്സിജന് കിടക്കകള് ഉള്പ്പടെ ചികിത്സാ സൗകര്യങ്ങള് ഉണ്ടെന്നും റോയിട്ടേഴ്സ് സാക്ഷ്യപ്പെടുത്തുന്നുണ്ട്.