തൃശൂർ > കോർപറേഷൻ കൗൺസിൽ യോഗത്തിനിടെ കോൺഗ്രസ് കൗൺസിലർമാർ മേയറെ ആക്രമിച്ചു. ഡയസിൽ കയറിയായിരുന്നു മേയർ എം കെ വർഗീസിനെ ആക്രമിച്ചത്. നഗരത്തിന്റെ വികസനത്തിന് അനിവാര്യമായ മാസ്റ്റർ പ്ലാൻ ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷ കൗൺസിലർമാരുടെ ബഹളം. എന്നാൽ കോൺഗ്രസ് ഭരണകാലത്താണ് ഇതിന്റെ കരട് മാസ്റ്റർ പ്ലാൻ തയ്യാറാക്കിയത്. ഇതിന്റെ വിശദാംശങ്ങളടങ്ങിയ പഴയ മിനിറ്റ്സ് മേയർ വായിച്ചതോടെ പ്രതിപക്ഷം വെട്ടിലായി. ഇതോടെ മേയറെ ആക്രമിക്കുകയായിരുന്നു.
പ്രതിപക്ഷത്തിന്റെ ആവശ്യപ്രകാരം വെള്ളിയാഴ്ച പ്രത്യേകം ചേർന്ന കൗൺസിലിലാണ് കോൺഗ്രസ്, ബിജെപി അംഗങ്ങൾ അക്രമം നടത്തിയത്. യോഗം ആരംഭിച്ചശേഷം മാസ്ററർ പ്ലാൻ സംബന്ധിച്ച് മേയർ വിശദീകരണകുറിപ്പ് വായിച്ചു. 2012ൽ താനടക്കമുള്ള 47 പേരുടെ ഭൂരിപക്ഷമുള്ള യുഡിഎഫ് കൗൺസിലാണ് ഈ മാസ്റ്റർ പ്ലാൻ അംഗീകരിച്ചതെന്ന് മേയർ എം കെ വർഗീസ് പറഞ്ഞു. ആ തീരുമാനത്തിൽനിന്ന് പിറകോട്ടുപോവുന്ന പ്രശ്നമില്ലെന്ന് മേയർ വ്യക്തമാക്കി. അന്നത്തെ മിനിറ്റ്സിന്റെ തുരുമാനങ്ങളും വായിച്ചു. മാസ്റ്റർ പ്ലാൻ പൈതൃകസംരക്ഷണത്തിന് എതിരാണെന്ന ബിജെപി വാദത്തിനും അക്കമിട്ടു മറുപടു നൽകി. മേയറുടെ വിശദീകരണകുറിപ്പ് മാധ്യമപ്രവർത്തകർക്കും വിതരണം ചെയ്തു. ഇതോടെ പ്രതിപക്ഷം വെട്ടിലായി. തുടർന്ന് അക്രമം നടത്തുകയായിരുന്നു. സുരേഷ്കുമാർ, ലാലി ജെയിംസ്, സനോജ് കുമാർ എന്നിവരാണ് ആക്രമിച്ചത്. തനിക്കുനേരെയുണ്ടായ കൗൺസിൽ ഹാളിലെ അക്രമത്തിനെതിരെ പൊലീസിൽ പരാതി നൽകാനും മേയർ ഒരുങ്ങുകയാണ്.
യുഡിഎഫ് ഭരണകാലത്ത് 2012ൽ അംഗീകരിച്ച മാസ്റ്റർ പ്ലാൻ റദ്ദാക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. അന്നത്തെ കരട് മാസ്റ്റർ പ്ലാനിൽ ഭേദഗതി വരുത്താനും ദിശമാറ്റാനും 2012–-13 വർഷങ്ങളിൽ സർക്കാർ മൂന്ന് ഘട്ടങ്ങളിൽ കോർപറേഷന് അനുവാദം നൽകിയിരുന്നു. ഇത് വേണ്ടതുപോലെ ഉപയോഗിക്കാൻ അന്നത്തെ കൗൺസിലിന് കഴിഞ്ഞില്ല. എന്നാൽ കഴിഞ്ഞ എൽഡിഎഫ് കൗൺസിൽ ഭേദഗതി വരുത്തി. 116 റോഡുകളുടെ വീതി കുറച്ചു. കാൽ ലക്ഷം കുടുംബങ്ങൾക്ക് ഗുണം ലഭിച്ചു. നിലവിലെ മാസ്റ്റർ പ്ലാൻ അംഗീകരിച്ചാൽ പോരായ്മകൾ പരിഹരിക്കാൻ നിയമവ്യവസ്ഥയുണ്ട്. 1974 മുതൽ നിലവിലുള്ള ഡിടിപി സ്കീമിലെ ആവശ്യമില്ലാത്ത പദ്ധതികളും ഒഴിവാക്കാനാവും. എല്ലാ രാഷ്ട്രീയ പാർടികളുടെയും പ്രതിനിധികൾ ഉൾപ്പടെ വിദഗ്ധസമിതയുണ്ടാക്കി മാറ്റങ്ങൾ വരുത്താനാണ് ഉദ്ദേശിക്കുന്നത്. എന്നാൽ അതിനു തയ്യാറാവാതെ കോർപറേഷൻ വികസനം അട്ടിമറിക്കാനാണ് നീക്കം.