തൃശൂർ: മാസ്റ്റർ പ്ലാൻ ചർച്ച ചെയ്യാൻ ചേർന്ന തൃശൂർ കോർപ്പറേഷനിൽ കൂട്ടത്തല്ല്. പ്രതിപക്ഷ ഭരണപക്ഷ കൗൺസിലർമാർ തമ്മിലടിച്ചു. പ്രതിപക്ഷം അംഗങ്ങൾ മേയറുടെ ചേംബറിൽ കയറി ബഹളം വെച്ചു.കോൺഗ്രസ്, ബിജെപി അംഗങ്ങളാണ് പ്രതിഷേധിച്ചത്.
കൗൺസിൽ അംഗീകരിച്ച മാസ്റ്റർ പ്ലാൻ റദ്ദാക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് അംഗങ്ങൾ മുദ്രാവാക്യം വിളിച്ചു.
എന്റെ കസേര വലിച്ചെറിഞ്ഞു. കൗൺസിൽ യോഗത്തിൽ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. അവിടെ നിന്ന് ക്യാബിനിൽ വന്നിരിക്കുകയാണ് സംഘർഷത്തിന് പിന്നാലെ മേയർ പറഞ്ഞു.
23 കൗൺസിലർമാർ നിർദേശിച്ചതനുസരിച്ചാണ് മേയർ ഇന്ന് പ്രത്യേക കൗൺസിൽ വിളിച്ചത്.. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ സർക്കാർ അംഗീകരിച്ച മാസ്റ്റർപ്ലാൻ റദ്ദുചെയ്യണമെന്നാണ് പ്രധാന ആവശ്യം.
ജനാധിപത്യവിരുദ്ധമായി മുൻ തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ മാസ്റ്റർ പ്ലാൻ പാസാക്കിയത് നിയമവിരുദ്ധമാണെന്ന് ഡി.സി.സി. പ്രസിഡന്റ് എം.പി. വിൻസെന്റ് പറഞ്ഞു. കൗൺസിൽ പോലുമറിയാതെ കളവായി കൗൺസിൽ തീരുമാനം എഴുതിച്ചേർത്ത നടപടിയിൽ സി.പി.എം. മറുപടി പറയണം. മാസ്റ്റർപ്ലാൻ സംബന്ധിച്ച് ജനങ്ങളുടെ വ്യാപകമായ പരാതി നിലനിൽക്കുന്നതിനാൽ റദ്ദുചെയ്ത് പുതിയ മാസ്റ്റർപ്ലാൻ തയ്യാറാക്കുന്നതിന് ഭരണനേതൃത്വം തയ്യാറാകണം -അദ്ദേഹം ആവശ്യപ്പെട്ടു.
കൗൺസിലിന്റെ അധികാരം കവർന്ന്, സർക്കാരും സി.പി.എമ്മും ചേർന്ന് തട്ടിപ്പ് നടപടികളിലൂടെ നിയമവിരുദ്ധമായി അടിച്ചേൽപ്പിച്ച മാസ്റ്റർപ്ലാൻ അംഗീകരിക്കുന്ന പ്രശ്നമില്ലെന്ന് പ്രതിപക്ഷനേതാവ് രാജൻ ജെ.പല്ലൻ പറഞ്ഞു.
നിയമപ്രകാരമുള്ള മാസ്റ്റർ പ്ലാൻ നടപ്പാക്കാനുള്ള അവസരം തുലച്ചുകളയുന്നത് തൃശ്ശൂരിന്റെ ഭാവിയോടു ചെയ്യുന്ന വലിയ ചതിയായിരിക്കുമെന്ന് മേയർ എം.കെ. വർഗീസ് പറഞ്ഞു. ഇപ്പോൾ റദ്ദാക്കണമെന്നാവശ്യപ്പെട്ടവരാണ് പ്ലാനിന്റെ ആദ്യഘട്ട ഉപജ്ഞാതാക്കൾ. ഇത്രയും വലിയൊരു പദ്ധതിയിൽ പോരായ്മകളുണ്ടാകാം, പരാതികളും. പോരായ്മകളും പരാതികളും ചർച്ചചെയ്താണ് പരിഹരിക്കേണ്ടത്, അല്ലാതെ വികസനവിരുദ്ധവുമായ നിലപാടുകൾ സ്വീകരിച്ചുകൊണ്ടല്ലെന്നും മേയർ വ്യക്താക്കി.