തിരുവനന്തപുരം: പത്തൊമ്പത് ദിവസം കൊണ്ടാണ് കാസർകോട് കുമ്പള സ്വദേശികളായ ആഷിഖ് ബേളയും ഗ്ലെൻ പ്രീതേഷ് കിദൂറും കേരളം നടന്നുകണ്ടത്. ഒരു ദിവസം 45 കിലോ മീറ്റർ വീതം നടന്നാണ് ഇരുവരും കാസർകോട്ട്നിന്നും തിരുവനന്തപുരത്തെത്തിയത്.
വാക്ക് ടു ഹെൽത്ത് എന്ന സന്ദേശവുമായി ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡിലേക്ക് നടന്നുകയറാനൊരുങ്ങുകയാണ് ഇരുവരും. യുവതലമുറ കംപ്യൂട്ടറിനും മൊബൈലിനും അടിമയായി വ്യായാമ കുറവുമൂലം രോഗികളാകുന്നത് കണക്കിലെടുത്താണ് ഇത്തരമൊരു സന്ദേശം തിരഞ്ഞെടുത്തത്.
ഇക്കഴിഞ്ഞ ആഗസ്റ്റ് ആറിന് രാവിലെ എട്ടുമണിക്ക് കാസർകോട്സീതാംഗോളിയിൽ നിന്നാണ് ഇരുവരും യാത്ര തുടങ്ങിയത്. രക്ഷിതാക്കളും സുഹൃത്തുക്കളും അടങ്ങുന്ന ചെറിയ ചടങ്ങിൽ പുത്തിഗെ പഞ്ചായത്ത് പ്രസിഡന്റ് സുബ്ബണ്ണ ആൾവയാണ് യാത്ര ഫ്ളാഗ് ഓഫ് ചെയ്തത്. 25 ന് തിരുവനന്തപുരം പാളയം ജുമാ മസ്ജിദിനുമുന്നിൽ അവർ യാത്ര അവസാനിപ്പിച്ചു. യൂട്യൂബിലെ ട്രാവൽ വ്ളോഗുകൾ കണ്ടാണ് കേരളം ചുറ്റിയടിക്കണമെന്ന ആഗ്രഹമുണ്ടായതെന്ന് ആഷിഖ് മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.
കുമ്പള ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളായ ഇരുവരും ഹയർസെക്കൻഡറി പരീക്ഷാ ഫലം വന്നതിന് പിന്നാലെയാണ് യാത്ര തുടങ്ങിയത്. വ്യത്യസ്തമായ സന്ദേശം നൽകണമെന്ന ആഗ്രഹത്തിലാണ് നടന്ന് യാത്ര പോകാൻ തീരുമാനിച്ചതെന്നും ഇവർ പറഞ്ഞു.
ആദ്യമൊക്കെ കളിതമാശയെന്ന് വീട്ടുകാർ കരുതി. എന്നാൽ ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡിലേക്ക് അപേക്ഷിച്ചതോടെയാണ് പിള്ളേരുകളി കാര്യമാകുമെന്ന് വീട്ടുകാർക്ക് മനസ്സിലായത്. ആദ്യം വീട്ടിൽ നിന്ന് എതിർപ്പുകളുയർന്നുവെങ്കിലും ഒടുവിൽ സമ്മതം മൂളി.
ഇരുവരും സാധാരണ കുടുംബത്തിലെ അംഗങ്ങളാണ്. ആഷിഖിന്റെ പിതാവ് ഏറെ നാൾ സൗദിയിലായിരുന്നു. ഇപ്പോൾ കോവിഡ് പ്രതിസന്ധിയെ തുടർന്ന് നാട്ടിലേക്ക് മടങ്ങിയെത്തി. ഗ്ലെന്നിന്റെ പിതാവ് ഓട്ടോ റിക്ഷ ടാക്സി ഓടിച്ചാണ് വീട് നോക്കുന്നത്.
പോക്കറ്റ് മണിയായി വീട്ടുകാർ മുമ്പ് നൽകിയിരുന്ന ചെറിയ തുകയും കൊണ്ടാണ് യാത്ര തുടങ്ങിയത്. ഭക്ഷണത്തിനും മറ്റു ചെലവുകൾക്കും പിന്നീട് നാട്ടുകാരുടെയും സുഹൃത്തുക്കളുടെയും സഹായം ചെറിയ തുകകളായി എത്തിക്കൊണ്ടിരുന്നു. രാത്രിയിൽ സുരക്ഷിതമായ സ്ഥലം കണ്ടെത്തി ടെന്റ് കെട്ടി അതിലാണ് വിശ്രമിക്കുക. പുലർച്ചെ അഞ്ചുമണിക്ക് എഴുന്നേറ്റ് യാത്ര തുടങ്ങുകയായിരുന്നു രീതി. കുറഞ്ഞത് 45 കിലോ മീറ്ററെങ്കിലും ഒരു ദിവസം പിന്നിടും. 50 കിലോ മീറ്റർ നടന്ന ദിവസങ്ങളുമുണ്ടായിട്ടുണ്ട്.
ഇനി യാത്ര പൂർത്തിയായതിന്റെ തെളിവുകൾ അടക്കം ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ് കമ്മിറ്റിക്ക് അയച്ചുകൊടുക്കണം. തിരികെ നാട്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലാണ് ഇരുവരും. അതിനുമുമ്പ് തലസ്ഥാനമൊക്കെ നടന്നുകാണും. തിരികെ എത്തിയാൽ
എൻട്രൻസ് പരീക്ഷയുടെ തയ്യാറെടുപ്പുകളിലേക്ക്.
content highlights:two students travelled across kerala by walk