പത്തനാപുരം > കൊല്ലം – തിരുമംഗലം ദേശീയപാതയിൽ തെങ്കാശി കഴിയുന്നതോടെ കണ്ണുകൾക്ക് മഞ്ഞവസന്തം കാഴ്ചയൊരുക്കുകയായി. വറുതിയുടെ ആണ്ടിനുശേഷവും തമിഴ്കർഷകർ പൂക്കൃഷിയിൽ വ്യാപൃതരാണ്. പൂത്തുനിൽക്കുന്ന സൂര്യകാന്തിപ്പാടങ്ങളാണ് എങ്ങും. കണ്ണെത്താദൂരത്തോളമാണ് മഞ്ഞപ്പൂക്കൾ.
തമിഴ്നാട്ടിലെ സുന്ദരപാണ്ഡ്യപുരം, തോവാള, പാവൂർ ഛത്രം, സൊറണ്ടൈ എന്നിവിടങ്ങളിലാണ് ഇത്തവണ പൂപ്പാടങ്ങൾ ഒരുങ്ങിയത്. സൂര്യകാന്തിപ്പൂക്കള് തന്നെയാണ് പ്രധാന ഇനം. പൂക്കൾ കാണാൻ മാത്രമല്ല, വാങ്ങാൻ എത്തുന്ന കച്ചവടക്കാരുടെയും തിരക്കാണ് എങ്ങും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നാണ് കച്ചവടക്കാർ എത്തുന്നത്. നിലവില് ക്വിന്റലിന് 4000 രൂപയാണ് വില. ബന്ദി, കൊളുന്ത്, തുളസി, വിവിധ നിറങ്ങളിലുള്ള റോസ, മുല്ല എന്നിവയുമുണ്ട്. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ കൃഷി തുടങ്ങും. ജൂൺ, ജൂലൈ മാസങ്ങളിൽ ലഭിക്കുന്ന മഴയോടെ ചെടികൾ മൊട്ടിടും.
രാസവളം വില്ലനായി
അമിതമായ അളവില് രാസവളങ്ങള് ഉപയോഗിച്ചതോടെ മണ്ണിന്റെ സ്വാഭാവികത നഷ്ടപ്പെട്ടത് കഴിഞ്ഞ വർഷം കൃഷിയെ ബാധിച്ചു. മണ്ണിന്റെ ജൈവാംശം നഷ്ടപ്പെട്ടതോടെ സൂര്യകാന്തിപ്പൂക്കളുടെ വലിപ്പം കുറഞ്ഞു. ഇത് വിലക്കുറവിനും കാരണമായി. ഇക്കാരണത്താൽ പലരും പൂക്കൃഷിയിൽനിന്നു പിന്തിരിഞ്ഞു. ഇവിടത്തെ പൂക്കള്ക്ക് ആവശ്യക്കാരേറിയതോടെ കൂടിയ അളവില് രാസവസ്തുക്കള് ഉപയോഗിച്ച് ഉൽപ്പാദനം മെച്ചപ്പെടുത്തി. ആദ്യ കാലങ്ങളില് നല്ല വിളവുണ്ടായെങ്കിലും പിന്നീട് പ്രതീക്ഷകൾ കരിഞ്ഞു. വിളവും പൂക്കളുടെ വലിപ്പവും കുറഞ്ഞു. രാസവള പ്രയോഗം പരാഗണത്തെയും കാര്യമായി ബാധിച്ചു. പരാഗണത്തിന് തേനീച്ചയെ മാത്രം ആശ്രയിക്കുന്ന ഏക സസ്യമാണ് സൂര്യകാന്തി. രാസവളവും കീടനാശിനികളും പൂക്കളില്നിന്ന് തേനീച്ചകള് അകലാൻ കാരണമായി.
സണ്ഫ്ലവര് ഓയില്, സൗന്ദര്യവര്ധക വസ്തുക്കൾ, അലങ്കാരവസ്തുക്കള്, ബൊക്കെ എന്നിവയുടെ നിർമാണത്തിന് സൂര്യകാന്തിപ്പൂക്കൾ ഉപയോഗിക്കുന്നു. കർഷകർ സൂര്യകാന്തിക്കൃഷി ഉപേക്ഷിച്ചതോടെ, ഹെക്ടര് കണക്കിനു പാടമാണ് തരിശായി കിടന്നിരുന്നത്. മണ്ണിന്റെ സ്വാഭാവികത തിരികെ ലഭിക്കാൻ ഒരു വര്ഷം പല പാടങ്ങളും തരിശിട്ടു. ഇത്തവണ കോവിഡ് പ്രതിസന്ധിയിലും സൂര്യകാന്തി കൃഷിചെയ്യാൻ കർഷകർ തയ്യാറായി.