താനൂർ > പരാതി ലഭിച്ച് ആറു ദിവസത്തെ അന്വേഷണത്തിനൊടുവിൽ താനൂർ ഡിവൈഎസ്പിയും സംഘവും പിടികൂടിയ അന്തർ സംസ്ഥാന സംഘം നടത്തിയത് കോടികളുടെ തട്ടിപ്പ്. രണ്ടു ദിവസത്തെ ചോദ്യം ചെയ്യലിൽ പൊലീസിന് ലഭിച്ചത് തട്ടിപ്പിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ. നാലുവർഷത്തിലേറെയായി തുടരുന്ന തട്ടിപ്പ് വിവരങ്ങളാണ് പുറത്ത് വന്നത്. പ്രതികളെ പിടി കൂടിയതറിഞ്ഞ് സംസ്ഥാനത്തെ വിവിധയിടങ്ങളിൽ നിന്നാണ് താനൂരിൽ പരാതിയുമായി എത്തിയത്.
കുറഞ്ഞ പലിശ നിരക്കിൽ ലോൺ എന്ന ഫോൺ സന്ദേശത്തെ തുടർന്ന് താനൂർ സ്വദേശിക്ക് ഉണ്ടായ സാമ്പത്തിക നഷ്ടത്തെ തുടർന്നുള്ള അന്വേഷണത്തിലാണ് കഴിഞ്ഞ വെള്ളിയാഴ്ച അന്തർ സംസ്ഥാന തട്ടിപ്പ് സംഘം പിടിയിലാകുന്നത്. കോട്ടയം വേലൂർ സ്വദേശി പലമാറ്റം വീട്ടിൽ മുത്തു സരുൺ (32), പാണ്ടിക്കാട് കോളപ്പറമ്പ് പുതില്ലതുമാടം രാഹുൽ (24), റാന്നി മക്കപ്പുഴ സ്വദേശി കാഞ്ഞിരത്തമലയിൽ ജിബിൻ(28), ശ്രീവിളിപുത്തൂർ കാളിയമ്മൻ കോവിൽ വീരകുമാർ(33) എന്നിവരെയാണ് താനൂർ ഡിവൈഎസ്പി എം ഐ ഷാജിയും സംഘവും തമിഴ്നാട്ടിലെ വിരുദനഗറിൽ വച്ച് പിടികൂടിയത്.
വിശദമായി ചോദ്യം ചെയ്യുന്നതിനായി ചൊവ്വാഴ്ചയാണ് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്. കോയമ്പത്തൂരിൽ മെക്കാനിക്കൽ എഞ്ചിനീയറായിരുന്ന മുത്തു സരുൺ 2016ൽ കോയമ്പത്തൂരിൽ നിന്നും പരിചയപ്പെട്ട ഒരാളുമായി ചെന്നൈ സ്വദേശിയെ പറ്റിച്ചാണ് തട്ടിപ്പിന് തുടക്കമിട്ടത്. ഇതിൽ 68000 രൂപ ലഭിച്ചതോടെ തട്ടിപ്പ് തുടർന്നു. 2017 ൽ ചെന്നൈ സ്വദേശിയായ മറ്റൊരാളിൽ നിന്നും 40 ലക്ഷം തട്ടിയെടുത്തു.
രാഹുൽ, ജിബിൻ എന്നിവർ സരുണിന്റെ സുഹൃത്തുക്കളാണ്. കോയമ്പത്തൂരിൽ വച്ച് കാർ കച്ചവട ബന്ധമാണ് വീരകുമാറുമായുള്ളത്. തട്ടിപ്പ് നടത്തുന്നതിനായുള്ള ബാങ്ക് അക്കൗണ്ട് ഉണ്ടാക്കി മുത്തു സരുണിനും കൂട്ടാളികൾക്കും കൊടുക്കുന്ന ജോലിയാണ് വീരകുമാറിന്റേത്. ഇതിന്റെ ഭാഗമായി അക്കൗണ്ടിലെത്തുന്ന പണത്തിന്റെ 20 ശതമാനം കമ്മീഷൻ വീരകുമാറിനുള്ളതാണെന്ന് പൊലീസ് പറഞ്ഞു.
സിദ്ധാർത്ഥ്, മദൻ ഗൗരിനാഥ്,മഹേഷ്, ഹരിദാസ് , സാഗർ തുടങ്ങിയ പേരുകളിലാണ് ഇരകളോട് ഇവർ സംസാരിക്കുന്നത്. 2019ൽ വൺ ഇന്ത്യ ഫിനാൻസ് കമ്പനിയെന്ന പേരിൽ ചെർപ്പുളശ്ശേരി സ്വദേശിയിൽ നിന്നും 47 ലക്ഷം, തിരൂർ സ്വദേശികളിൽ നിന്നും ആദിത്യ സ്റ്റാമ്പ് വെണ്ടർ എന്ന പേരിൽ 4,80,000രൂപ, ഐശ്വര്യ സ്റ്റാമ്പ് വെണ്ടർ എന്ന പേരിൽ 3,75,000 എന്നിങ്ങനെ തട്ടിയെടുത്തതായി ഇവർ പൊലീസിനോട് പറഞ്ഞു.
അധീശ്വര സ്റ്റാമ്പ് വെണ്ടർ എന്ന പേരിൽ കരമന സ്വദേശിയിൽ നിന്നും 60,000 രൂപ, ധനവർഷ ഫിനാൻസിന്റെ പേരിൽ പെരുവണ്ണാമുഴി സ്വദേശിയിൽ നിന്നും 168,000 രൂപ, കവടിയാർ സ്വദേശിയിൽ നിന്നും ഒന്നര ലക്ഷം, ബത്ത്ലഹേം സ്റ്റാമ്പ് വെണ്ടറിന്റെ പേരിൽ കൊല്ലം സ്വദേശിയിൽ നിന്നും 52500 രൂപ, കളമശ്ശേരി സ്വദേശിയിൽ നിന്നും ഹീരനന്ദാനി ഫിനാൻസിന്റെ പേരിൽ 10ലക്ഷവും തട്ടിയെടുത്തു. മൊബൈൽ നമ്പറുകൾ പരിശോധിച്ചും, മലപ്പുറം സൈബർ സെല്ലിന്റെ സഹായത്തോടെയും ബാംഗ്ലൂർ, തമിഴ്നാട് എന്നിവിടങ്ങളിൽ സഞ്ചരിച്ചുമാണ് പ്രതികളെ പിടികൂടിയത്.
ജില്ലാ പൊലീസ് മേധാവി സുജിത് ദാസിന്റെ നിർദേശപ്രകാരം താനൂർ ഡിവൈഎസ്പി എം ഐ ഷാജി, എസ് ഐ ശ്രീജിത്ത് നരേന്ദ്രൻ, എസ് ഐ രാജു, സീനിയർ സിവിൽ പൊലീസ് ഓഫിസർ കെ സലേഷ്, സിപിഒമാരായ ജിനേഷ്, പ്രകാശ്, രാജേഷ് എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തുന്നത്.