കാക്കനാട് > തൃക്കാക്കര നഗരസഭയിലെ പണക്കിഴി വിവാദത്തിൽ നിർണ്ണായക തെളിവാകുമായിരുന്ന സിസിടിവി ദൃശ്യങ്ങൾ കാണാനില്ലെന്ന് പ്രതിപക്ഷ ആരോപണം. കൗൺസിലർമാർക്ക് പണക്കിഴി നൽകുന്ന ദൃശ്യമുള്ള, നഗരസഭ അധ്യക്ഷയുടെ ചേംബറിലെ സിസി ടിവിയിലെ ദൃശ്യങ്ങളാണ് പോയത്.
ഓണക്കോടിയോടൊപ്പം 10,000 രൂപയാണ് കൗൺസിലർമാർക്ക് നൽകിയത്. അന്വേഷണം ആരംഭിച്ചതോടെ അധികൃതർ ദൃശ്യങ്ങൾ നശിപ്പിച്ചതാണെന്നാണ് ആരോപണം. സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കട്ടെയെന്ന് നഗരസഭ അധ്യക്ഷ അജിത തങ്കപ്പൻ ഇപ്പോൾ ഉറപ്പിച്ച് പറയുന്നത് ഇതുകൊണ്ടാണെന്നും പ്രതിപക്ഷ കൗൺസിലർമാർ പറയുന്നു.
അതിനിടെ അജിത തങ്കപ്പന്റെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭം ശക്തമാകുകയാണ്. നഗരസഭ ഓഫീസിനുമുന്നിൽ ഇടതുപക്ഷ കർഷക സംഘടനകളുടെ നേതൃത്വത്തിൽ നടത്തിയ സമരം സിഐടിയു ജില്ലാ ട്രഷറർ സി കെ പരീത് ഉദ്ഘാടനം ചെയ്തു. എ പി ഷാജി അധ്യക്ഷനായി. ടി എ സുഗതൻ, എം എം എബ്രഹാം, ടി എ സണ്ണി, എൻ പി ഷൺമുഖൻ എന്നിവർ സംസാരിച്ചു.